കുഞ്ഞ് മാലാഖയ്ക്ക് ആദരം… സപ്ലൈകോയുടെ ആലിന് നോട്ടുബുക്കുകള്‍ വിപണിയില്‍
കൊച്ചി: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ ആലിന് ഷെറിന് ഏബ്രഹാമിന്റെ സ്മരണയിൽ സപ്ലൈകോ ആലിന് ബ്രാന്‍ഡില്‍ ഇറക്കുന്ന നോട്ടുബുക്കുകളുടെ പ്രകാശനം ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് എറണാകുളം ഗസ്റ്റ് ഹൗസില്‍ നിര്‍വഹിച്ചു.
വിപണിയെ കണക്കാക്കി മാത്രമല്ല സാമൂഹിക പ്രതിബദ്ധതയിലൂന്നിയുള്ള ഒരു പ്രവര്‍ത്തനവുമാണ് ആലിന് ബ്രാന്‍ഡില്‍ നോട്ട്ബുക്ക് ഇറക്കിയതിലൂടെ സപ്ലൈകോ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആലിന്റെ മാതാപിതാക്കളായ അരുണ്‍ ഏബ്രഹാം, ഷെറിന് ആന്‍ ജോണ്‍ എന്നിവരെ ആദരിച്ചു.
നോട്ടുബുക്കുകളുടെ ലോഗോയും കവര്‍ ഡിസൈനുകളും ചെയ്ത തേവര എസ്എച്ച് കോളജിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും ചടങ്ങില്‍ അനുമോദിച്ചു. ഹൈബി ഈഡന് എംപി, കൊച്ചി മേയര്‍ വി.കെ. മിനിമോള്‍, സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ വി.എം. ജയകൃഷ്ണന്, ആലിന്റെ പിതാവ് അരുണ്‍ ഏബ്രഹാം, ജനറല്‍ മാനേജര്‍ എം.യു. ബിജു, തേവര എസ്എച്ച് കോളജ് ഡയറക്ടര്‍ ബാബു ജോസഫ് തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു. 14.50 മുതല്‍ 37രൂപ വരെയാണ് ആലിന് നോട്ടുബുക്കുകളുടെ വില. ചെറിയ കുട്ടികള്‍ക്കായുള്ള നോട്ടുബുക്ക്, അഞ്ചു ബുക്കുകളുടെ ഒരു സീരീസായാണു പ്രിന്റ് ചെയ്തിരിക്കുന്നത്.
