ആർക്കും വിശ്രമിക്കാനാകാതെ വഴിയോര വിശ്രമ കേന്ദ്രം
സുൽത്താൻ ബത്തേരി: ഇതുവരെ ആർക്കും വിശ്രമിക്കാനാകാതെ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് നിർമിതി കേന്ദ്രം ഡിടിപിസിക്കായി കെട്ടിയുണ്ടാക്കിയ വഴിയോര വിശ്രമ കേന്ദ്രം.
നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന അന്‌പലവയൽ പഞ്ചായത്തിലെ നെല്ലാറച്ചാലിൽ 60 ലക്ഷം രൂപ ചെലവഴിച്ച് 12 വർഷം മുന്പ് നിർമിച്ച കെട്ടിടമാണ് ആർക്കും ഉപകാരപ്പെടാതെ പൂട്ടിക്കിടക്കുന്നത്. ഒരു കോണ്ഫറൻസ് ഹാൾ ഉൾപ്പെടെ മൂന്ന് കെട്ടിട സമുച്ചയങ്ങളാണ് നിർമിച്ചത്.
നിർമാണം പൂർത്തീകരിച്ച കെട്ടിടങ്ങൾ ജില്ലാ ടൂറിസം പ്രെമോഷൻ കൗണ്‌സിലിന് കൈമാറാനായിരുന്നു നീക്കം. എന്നാൽ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കാത്തതിനാൽ തുടർ പ്രവർത്തനങ്ങൾ നിലയ്ക്കുകയായിരുന്നു.
റവന്യു ഭൂമിയിലാണ് നിർമിതി കേന്ദ്ര വഴിയോരം വിശ്രമ കേന്ദ്രം നിർമിച്ചത്.
പഞ്ചായത്തിൽ കെട്ടിട ലൈസൻസിന് വേണ്ടി പോയപ്പോഴാണ് റവന്യുഭൂമി കൈമാറ്റം നടന്നില്ലെന്നുള്ള കാര്യം അധികൃതർ അറിയുന്നത്. കൈമാറ്റം നടത്താതെയാണ് കെട്ടിട നിർമാണം നടത്തിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം പരിഹരിക്കാൻ നടപടിയില്ലാതായതോടെ ലൈസൻസ് ലഭിക്കുന്നതും അനിശ്ചിതത്വത്തിലായി. എല്ലാ പണികളും പൂർത്തീകരിക്കുകയും അത്യാവശ്യം ചില ഫർണിച്ചറുകളും കെട്ടിടത്തിൽ എത്തിച്ചശേഷമാണ് കെട്ടിട ലൈസൻസിനെക്കുറിച്ച് അധികൃതർ ശ്രമം ആരംഭിച്ചത്.
ലൈസൻസ് ലഭിക്കാതെ വന്നതോടെ കെട്ടിടം ഡിടിപിസിക്ക് കൈമാറാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതോടെ കഴിഞ്ഞ 12 വർഷമായി കെട്ടിടം ആരും നോക്കാനില്ലാതെ നശിച്ചുകൊണ്ടിരിക്കുകയാണ്.
