Event More NewsFeature NewsNewsPoliticsPopular NewsRecent News

പാൽ വില: മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ പ്രതിനിധികൾ മന്ത്രിയെ കാണും

കല്‍പ്പറ്റ: പാല്‍ സംഭരണ വില ലിറ്ററിന് 10 രൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മലബാര്‍ ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍(എംഡിഎഫ്എ)പ്രതിനിധി സംഘം ക്ഷീര വികസന മന്ത്രി ബിന്ദു കൃഷ്ണയെ കാണും. പാല്‍ ഉത്പാദനച്ചെലവും ക്ഷീര കര്‍ഷകരുടെ വരുമാനവും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്നതടക്കം വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിക്കും. മന്ത്രിയെ അവരുടെ സൗകര്യവും കണക്കിലെടുത്ത് സന്ദര്‍ശിക്കുന്നതിന് എംഡിഎഫ്എ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
ജൂണ്‍ ഒന്ന് മുതല്‍ പാല്‍ വില ലിറ്ററിന് നാല് രൂപ വര്‍ധനവ് മില്‍മ പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ ലിറ്ററിന് 3.65 രൂപ വില അധികം ലഭിക്കുന്ന വിധത്തിലാണ് വര്‍ധനവ് നടപ്പാക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. മില്‍മ പ്രഖ്യാപിച്ച വില വര്‍ധനവ് തീര്‍ത്തും അപര്യാപ്തമാണെന്നാണ് ക്ഷീര കര്‍ഷകരുടെ പക്ഷം.
നിലവില്‍ പാല്‍ ലിറ്ററിന് ശരാശരി 55 രൂപയാണ് ഉത്പാദനച്ചെലവ്. എന്നാല്‍ സംഘങ്ങൡ അളക്കുന്ന പാല്‍ ലിറ്ററിന് ശരാശരി 43 രൂപയാണ് കര്‍ഷകന് വില കിട്ടുന്നത്. ഏകദേശം 12 രൂപയാണ് ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കുമ്പോള്‍ നഷ്ടം. ഈ നില തുടര്‍ന്നാല്‍ സമീപ ഭാവിയില്‍ കേരളം പൂര്‍ണമായും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതി സംജാതമാകുമെന്ന് എംഡിഎഫ്എ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.എസ്. അഭിലാഷ് കേണിച്ചിറ പറഞ്ഞു.
ക്ഷീരവൃത്തിയില്‍ ഏര്‍പ്പെടുന്ന കര്‍ഷകരുടെ എണ്ണവും കന്നുകാലി സമ്പത്തും സംസ്ഥാനത്ത് കുറയുകയാണ്. 2019ല്‍ സംസ്ഥാനത്ത് 13,41,996 കന്നുകാലികള്‍ ഉണ്ടായിരുന്നത് 2024ല്‍ 9,10,556 ആയി കുറഞ്ഞതായാണ് കണക്ക്. പശുക്കൃഷി നിര്‍ത്തിയ ചെറുകിട കര്‍ഷകരുടെ എണ്ണം വയനാട്ടില്‍ മാത്രം ആയിരക്കണക്കിനുവരും. ഏതാനും വര്‍ഷം മുമ്പുവരെ ജില്ലയില്‍ കര്‍ഷകകുടുംബങ്ങള്‍ ഒന്നും രണ്ടും പശുക്കളെ വളര്‍ത്തിയിരുന്നു. ഇവരില്‍ പലരുടെയും തൊഴുത്തില്‍ നിലവില്‍ പശുക്കളെ കാണാനില്ല. പണിയായുധങ്ങളും വിറകും മറ്റും സൂക്ഷിക്കുന്ന ഇടമായി തൊഴുത്തുകളില്‍ ഏറെയും മാറി. ജില്ലയിലടക്കം സമീപകാലത്ത് അടച്ചുപൂട്ടിയ പശുഫാമുകളും നിരവധിയാണ്.
കാലാവസ്ഥയിലെ പിഴവുകളും രോഗങ്ങളും കാര്‍ഷിക മേഖലയില്‍ ഏല്‍പ്പിച്ച ആഘാതം കര്‍ഷക കുടുംബങ്ങളെ സാമ്പത്തികമായി തകര്‍ത്തിരുന്നു. ഈ സാഹചര്യത്തില്‍ കാര്‍ഷിക ജില്ലകളില്‍ അനേകം കര്‍ഷകര്‍ ക്ഷീരവൃത്തി മുഖ്യ ഉപജീവനമാര്‍ഗമാക്കിയിരുന്നു. ഇവരില്‍ പലരും ഇപ്പോള്‍ മറ്റ് ഉപജീവനമാര്‍ഗങ്ങള്‍ തേടുകയാണ്.
കാലിത്തീറ്റ വില, കൂലിച്ചെലവ് എന്നിവയില്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷത്തിനിടെ ഭീമമായ വര്‍ധനവാണ് ഉണ്ടായത്. നിലവില്‍ കാലത്തീറ്റ ചാക്കിന്(50 കിലോ ഗ്രാം)1,500 രൂപയ്ക്ക് മുകളിലാണ് വില. തൊഴിലാളികളുടെ ദിവസക്കൂലി 1,200 രൂപ വരെയായി ഉയര്‍ന്നു. വരവും ചെലവും പൊരുത്തപ്പെടാതെ കര്‍ഷകര്‍ വലയുമ്പോഴും നയങ്ങള്‍ ശാസ്ത്രീയമാക്കുന്നതില്‍ മില്‍മയ്ക്കു വിമുഖതയാണ്.
കാലാനുസൃതമായ മില്‍ക്ക് ചാര്‍ട്ട്, മൃഗാശുപത്രികളില്‍ മെച്ചപ്പെട്ട ലാബ് സൗകര്യം, മുഴുവന്‍ പശുക്കള്‍ക്കും സൗജന്യ ഇന്‍ഷ്വറന്‍സ്, മൃഗാശുപത്രികളില്‍ ആവശ്യത്തിനു മരുന്ന്, സബ്‌സിഡികള്‍ ക്ഷീരകര്‍ഷകരുടെ അക്കൗണ്ടില്‍ നേരിട്ടു ലഭ്യമാക്കല്‍ തുടങ്ങിയവ ക്ഷീര കര്‍ഷകര്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങളാണ്. ഇക്കാര്യവും എംഡിഎഫ്എ ക്ഷീര വികസന മന്ത്രിക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്നാണ് വിവരം

Leave a Reply

Your email address will not be published. Required fields are marked *