എബോള: ഡൽഹി വിമാനത്താവളത്തിൽ മുന്നറിയിപ്പ്, മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രത്യേക ജാഗ്രതാ നിർദേശം
ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ വിവിധയിടങ്ങളിൽ എബോള വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം നൽകി. എബോള ബാധിത രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പ്രത്യേക നിർദേശമുണ്ട്. പനി, ക്ഷീണം, തലവേദന, പേശീവേദന, ഛർദി, വയറിളക്കം, തൊണ്ടവേദന, രക്തസ്രാവം എന്നിവയുണ്ടെങ്കിൽ എയർപോർട്ടിലെ ആരോഗ്യ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യണം. എബോള സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആയ ആളുകളുമായി നേരിട്ട് സമ്പർക്കത്തിലുണ്ടായിരുന്നവരും റിപ്പോർട്ട് ചെയ്യണം.ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് അതിവേഗം പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയാണ്. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്നലെ ഉന്നതതല യോഗം ചേർന്നു. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാർ പങ്കെടുത്തു.വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളും ഒരുക്കങ്ങളും യോഗം വിശദമായി വിലയിരുത്തി. ഇന്ത്യയിൽ ഇതുവരെ പുതിയ എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആഫ്രിക്കൻ രാജ്യങ്ങളിലെ വൻ രോഗവ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ അടിയന്തര യോഗം വിളിച്ചുചേർത്തത്.എബോള വൈറസ് ഇതുവരെ 600 ഓളം പേർക്ക് ബാധിച്ചിട്ടുണെന്ന് സംശയിക്കുന്നതായും 139 പേർ മരണപ്പെട്ടതായും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയസൂസ് അറിയിച്ചു. രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിന് മുമ്പുതന്നെ വൈറസ് വ്യാപനം ശക്തമായതിനാൽ വരുംദിവസങ്ങളിൽ മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും ഇനിയും ഉയർന്നേക്കാമെന്നാണ് വിലയിരുത്തൽ.വൈറസിന്റെ അപൂർവ ഇനമായ ‘ബുണ്ടിബുഗ്യോ’ വകഭേദമാണ് ഇപ്പോൾ പടർന്നുപിടിക്കുന്നത്. ജനീവയിൽ ചേർന്ന ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതിയാണ് നിലവിലെ സാഹചര്യത്തെ ‘അന്താരാഷ്ട്ര ആശങ്ക നിറഞ്ഞ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ’യായി പ്രഖ്യാപിച്ചത്. എന്നാൽ, ഇത് ഒരു ആഗോള മഹാമാരിയായി മാറിയിട്ടില്ലെന്നും യോഗം വിലയിരുത്തി.
