ഒരു ബാങ്ക് അക്കൗണ്ടിൽ മാത്രം 213 കോടി രൂപ; വിജയയുടെ ആസ്തി അറിയാം
തമിഴ് സിനിമതാരം വിജയ്യുടെ ടിവികെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായിരിക്കുകയാണ്. ഇതോടെ സമ്പത്ത് വിവരം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് വിജയ് സമർപ്പിച്ച 27 പേജുള്ള സത്യവാങ്മൂലമാണ് വീണ്ടും ചർച്ചകളിൽ ഇടംപിടിക്കുന്നത്.
624 കോടിയുടെ ആകെ ആസ്തിയാണ് തനിക്കുള്ളതെന്നാണ് വിജയ് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. ഇതി ഭൂമിപോലുള്ള സ്ഥിര ആസ്തിയുടെ മൂല്യം 220 കോടിയും മറ്റ് ആസ്തികളുടേത് 404 കോടിയുമാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 184.53 കോടി രൂപയുടെ വരുമാനമുണ്ടായെന്നും വിജയ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിൽ സ്വയംതൊഴിലിലൂടെ ഉണ്ടാക്കിയ വരുമാനവും പലിശയിൽ നിന്നും ലഭിച്ച തുകയും ഉൾപ്പെടുന്നു.
സത്യവാങ്മൂലത്തിലെ ഏറ്റവും ശ്രദ്ധയമായ കാര്യം വിജയിയുടെ ഒരു ബാങ്ക് അക്കൗണ്ടിലെ നിക്ഷേപതുകയാണ്. ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ സാലിഗ്രാം ബ്രാഞ്ചിൽ 213.6 കോടിയുടെ നിക്ഷേപമാണുള്ളത്. സാധാരണ സേവിങ്സ് അക്കൗണ്ടിലാണ് വിജയ് ഇത്രത്തോളം തുക നിക്ഷേപിച്ചിരിക്കുന്നത്.
സേവിങ്സ് അക്കൗണ്ടിലെ നിക്ഷേപത്തിന് പുറമേ 100 കോടി രൂപ വിജയിക്ക് വിവിധ ബാങ്കുകളിൽ സ്ഥിരനിക്ഷേപവുമുണ്ട്. ആക്സിസ് ബാങ്കിന്റെ ഇന്ദിരനഗർ ബ്രാഞ്ചിൽ 40 കോടി ഇന്ത്യൻ ഓവർസീസ് ബാങ്കിൻ്റെ കൊടാംപക്കം ബ്രാഞ്ചിൽ 25 കോടി, എച്ച്ഡിഎഫ്സി ബാങ്കിൻ്റെ ബസന്ത് നഗർ ബ്രാഞ്ചിൽ 20 കോടി, എസ്ബിഐയുടെ ശാസ്ത്രി നഗർ ബ്രാഞ്ചിൽ 15 കോടി എന്നിങ്ങനെയാണ് അദ്ദേഹത്തിൻറെ വിവിധ ബാങ്കുകളിലെ സ്ഥിരനിക്ഷേപം.
19.37 ലക്ഷം രൂപയാണ് അദ്ദേഹത്തിൻ്റെ ഓഹരി നിക്ഷേപം. ജയനഗർ പ്രൊപ്പർട്ടി പ്രൈവറ്റ് ലിമിറ്റഡിൽ 19.03 ലക്ഷവും ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ 9600 രൂപയുടെ ഓഹരികളും സൺ പേപ്പർ മിൽ ലിമിറ്റഡിൽ 25,000 രൂപയുടെ ഓഹരികളും ഉൾപ്പടെ ആകെ വിജയിയുടെ ഓഹരി നിക്ഷേപം 19.37 ലക്ഷം രൂപയാണ്. മ്യൂച്ചൽഫണ്ട്, ഡിബേഞ്ചഴ്സ്, ബോണ്ടുകൾ എന്നിവയിലൊന്നും വിജയ് നിക്ഷേപം നടത്തിയിട്ടില്ല.
അതേസമയം, ഭൂമിയും വീടുകളും കൊമേഴ്സ്യൽ കെട്ടിടങ്ങളും ഉൾപ്പടെയുള്ള വിജയിയുടെആസി ഏകദേശം 220 കോടി വരും. ഇതിൽ നീലാൻകരായ്, സാലിഗ്രാം, മൈലാപൂർ, എഗ്മോർ തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളുടെ മൂല്യം മാത്രം ഏകദേശം 115 കോടി വരും. ത്യാഗരാജ നഗർ, ഷോലിഗനല്ലൂർ, കൊപ്പൂർ എന്നിവടങ്ങളിലെ വാണിജ്യ സമയുച്ചയങ്ങളുടെ മൂല്യം ഏകദേശം 82.8 കോടി വരും.
