ശ്രീനാദേവി കുഞ്ഞമ്മ റേഷൻ കാർഡിൽ പേര് ചേർത്തത് വ്യാജമായല്ല’ ;വിവരാവകാശരേഖ പുറത്ത്
കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ റേഷൻ കാർഡിൽ പേര് ചേർത്തത് വ്യാജമായിട്ടല്ലെന്ന് വിവരാവകാശരേഖ. റേഷൻ കാർഡ് ഉടമയുമായി ബന്ധം തെളിയിക്കുന്ന രേഖ, മറ്റ് അനുബന്ധ വിവരങ്ങൾ, ആധാർ കാർഡ് ഇവ അടക്കം നൽകിയാണ് ഓൺലൈനായി അപേക്ഷ നൽകി റേഷൻ കാർഡിൽ പേര് ചേർത്തതെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു.
വ്യാജരേഖ ചമച്ചാണ് ശ്രീനാദേവി റേഷൻ കാർഡിൽ കടന്നുകൂടിയതെന്ന് കാർഡ് ഉടമയുടെ മക്കൾ ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തിൽ അടൂർ പൊലീസ് കേസെടുത്തു അന്വേഷണം നടത്തുകയാണ്. വ്യാജരേഖ ചമച്ചാണ് റേഷൻ കാർഡിൽ കടന്നുകൂടിയതെന്ന ആരോപണത്തെ തുടർന്ന് വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്ന് ശ്രീനാദേവിയുടെ പേര് ഒഴിവാക്കുകയും റേഷൻ കാർഡ് റദ്ദാക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ രേഖകൾ സംബന്ധിച്ച കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണ്
കോൺഗ്രസ് പ്രതിനിധിയായ ജില്ലാ പഞ്ചായത്തംഗം ശ്രീന ദേവി കുഞ്ഞമ്മ റേഷൻ കാർഡിൽ പേര് വ്യാജമായി ചേർത്തെന്നായിരുന്നു പരാതി. അടൂർ
താലൂക്ക് സപ്ലൈ ഓഫീസർക്ക് കാർഡ് ഉടമ യശോദയുടെ മക്കളായ രണ്ടു പേർ നൽകിയ പരാതിയെ തുടർന്നാണ് റേഷൻ കാർഡ് റദ്ദാക്കിയത്. എന്നാൽ,
തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം സിപിഐ തനിക്കെതിരെ നടത്തുന്ന നീക്കമാണെന്നായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ വാദം. കഴിഞ്ഞ പത്തു
വർഷമായി ഇതേ വിലാസത്തിൽ സ്ഥിരമായി താമസിക്കുന്നു. റേഷൻ കാർഡ് ഉടമയുടെ അമ്മയും തന്റെ മുത്തശിയും സഹോദരങ്ങളാണ്. സിപിഐക്ക് വേണ്ടി മത്സരിക്കുമ്പോഴും ഇതേ വിലാസമായിരുന്നുവെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞിരുന്നു.
