Event More NewsFeature NewsNewsPoliticsPopular NewsRecent News

അടുത്ത അധ്യയന വർഷം മുതൽ കർശന നിയന്ത്രണം; പതിനെട്ട് വയസുവരെ പ്രായമുള്ള കുട്ടികളുടെ സ്ക്രീൻ ഉപയോഗം കുറയ്ക്കാൻ നിയമം വേണമെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: പതിനെട്ട് വയസ്സുവരെയുള്ള കുട്ടികളിലെ സ്ക്രീൻ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. നിയമം നിർമ്മിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിച്ച് തുടർനടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ, അംഗം ഷാജേഷ് ഭാസ്കർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വനിതാ-ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ആരോഗ്യം, നിയമം, ഇലക്ട്രോണിക്സ‌് ഇൻഫർമേഷൻ ടെക്നോളജി എന്നീ വകുപ്പ് സെക്രട്ടറിമാരും, സംസ്ഥാന പോലീസ് മേധാവിയും ഉൾപ്പെടുന്നതാകണം ഉന്നതതല സമിതി.

കോവിഡിനുശേഷം സ്ക്രീൻ അഡിക്ഷൻ കുട്ടികളിൽ വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇന്റർനെറ്റ്, മൊബൈൽ ഗെയിമുകൾ, സോഷ്യൽ മീഡിയ എന്നിവയുടെ അമിത ഉപയോഗം കുട്ടികളുടെ മാനസിക-ശാരീരിക-വൈകാരിക വിദ്യാഭ്യാസ ജീവിതത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.

രണ്ട് വയസ്സുവരെ കുട്ടികൾക്ക് വീഡിയോകോൾ ഒഴികെ സ്ക്രീൻ ഉപയോഗം പൂർണ്ണമായും ഒഴിവാക്കണം. അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ അറിവോടെ ഒരു മണിക്കൂറായി നിജപ്പെടുത്തണം. പന്ത്രണ്ട് വയസ്സുവരെ സ്ക്രീൻ സമയം പരമാവധി രണ്ട് മണിക്കൂറായി നിയന്ത്രിക്കണം. പതിനെട്ട് വയസ്സുവരെ പഠനത്തിനുപുറമെ സ്ക്രീൻ സമയം രണ്ട് മണിക്കൂറായി പരിമിതപ്പെടുത്തണം എന്ന മാനസികാരോഗ്യ വിദഗ്‌ധരുടെയും ആരോഗ്യ പ്രവർത്തകരുടെയും കണ്ടെത്തലുകൾ കമ്മിഷൻ അംഗീകരിച്ചു.

കുട്ടികൾ സ്കൂളുകളിൽ മൊബൈൽ ഫോണോ, ടാബോ കൊണ്ടുവരാനോ ഉപയോഗിക്കുവാനോ പാടില്ല. ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ കുട്ടി മൊബൈൽ ഫോൺ കൊണ്ടുവരുകയാണെങ്കിൽ രക്ഷിതാവിന്റെ അപേക്ഷ സഹിതം ക്ലാസ്സ് ടീച്ചർക്ക് കൈമാറണം, നിയന്ത്രിതമായി ഉപയോഗിക്കാവുന്നതുമാണ്. നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി കുട്ടികൾ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ കൊണ്ടുവന്നാൽ കുട്ടിക്ക് താക്കീത് നൽകണം. കുറ്റം ആവർത്തിച്ചാൽ ഉപകരണം പിടിച്ചെടുത്ത് ഏഴ് ദിവസത്തിനുശേഷം രക്ഷിതാവിനെ വിളിച്ചുവരുത്തി തിരികെ നൽകണം.

Leave a Reply

Your email address will not be published. Required fields are marked *