നോവായി വീണ്ടുമൊരു ഏപ്രിൽ; പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന് 10 വർഷം, മരിച്ചത് 110 പേർ
തൃശൂർ: തൃശൂരിൽ ഉണ്ടായ വെടിക്കെട്ട് ദുരന്തം ഞെട്ടിക്കുന്നത് കൊല്ലം പുറ്റിങ്ങൽ നിവാസികളെ കൂടിയാണ്. 110 പേരുടെ ജീവനെടുത്ത പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം നടന്നിട്ട് 10 വർഷം. സ്ഫോടന കേസിൻ്റെ വിചാരണ നടപടികൾ കോടതിയിൽ പുരോഗമിക്കവേ ആണ് മറ്റൊരു ദുരന്തത്തിന് കൂടി സംസ്ഥാനം സാക്ഷ്യം വഹിക്കേണ്ടി വന്നത്.
2016 ലെ ഇതു പോലൊരു ഏപ്രിൽ മാസമാണ് പുറ്റിങ്ങൽ നിവാസികളുടെ സന്തോഷവും അർപ്പുവിളിയും കണ്ണീരും നിലവിളിയും ആയി മാറിയത്. പുറ്റിങ്ങൽ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ 10ആം തീയതി നടത്തിയ മത്സര വെടിക്കെട്ടാണ് സംസ്ഥാനത്തെ നടുക്കിയ വലിയ ദുരന്തത്തിന് വഴിവെച്ചത്.
എതിർപ്പുകൾ വകവെയ്ക്കാതെ നടത്തിയ വെടിക്കെട്ട് എടുത്തത് 110 പേരുടെ ജീവൻ. 656 പേർക്ക് പരിക്കേറ്റ ദുരന്തത്തിൽ 358 വീടുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായി. മൂന്ന് കോടിയോളം രൂപയുടെ നാശം ഉണ്ടായെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. ഉത്സവ സമയത്തെ ക്ഷേത്രം ഭാരവാഹികൾ ഉൾപ്പടെ 59 പ്രതികൾ ഉള്ള കേസിലെ 15 പേര് ഇതിനോടകം മരിച്ചു. 44 പ്രതികൾക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേസിൽ ആകെ 1417 സാക്ഷികളെയും 1611 രേഖകളും 376 തൊണ്ടിമുതലുകളുമാണ് തെളിവായി കോടതിയിൽ ഹാജരാക്കിയത്. രണ്ട് പ്രാദേശിക വെടിക്കെട്ട് സംഘങ്ങൾ തമ്മിൽ നടത്തിയ മത്സരമാണ് പുറ്റിങ്ങലിൽ ദുരന്തത്തിന് കാരണമായത്.
മത്സരക്കമ്പമുള്ള വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്നില്ല. എന്നാൽ ആചാരം ആണെന്ന് വ്യക്തമാക്കി ക്ഷേത്രം അധികൃതർ വെടിക്കെട്ട് നടത്താൻ തീരുമാനിച്ചതാണ് ദുരന്തത്തിൽ കലാശിച്ചത്. 60 വർഷം മുമ്പും പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ട് ദുരന്തം നടന്നിരുന്നു. വെടിക്കെട്ട് ദുരന്ത കേസിന്റെ വിചാരണ കൊല്ലത്തെ പ്രത്യേക കോടതിയിൽ പുരോഗമിക്കുകയാണ്. നിയമവിരുദ്ധമായി വെടികെട്ടു മത്സരം നടത്തിയെന്ന മറ്റൊരു കേസും നടക്കുന്നുണ്ട്.
