മണ്ണെണ്ണ വിലയിൽ വൻ വർധന! ഇരട്ടി പ്രഹരമേറ്റ് തീരദേശം
മണ്ണെണ്ണയുടെ വില കുത്തനെ ഉയർന്നതോടെ കേരളത്തിലെ മത്സ്യബന്ധന മേഖല കടുത്ത പ്രതിസന്ധിയിലായി. ലിറ്ററിന് 103 രൂപയായിരുന്ന മണ്ണെണ്ണയ്ക്ക് 52.37 രൂപ വർധിച്ച് 155.37 രൂപയായി. സംസ്ഥാനത്ത് സർക്കാർ അംഗീകാരമുള്ള പതിനാലായിരത്തോളം എൻജിനുകൾക്ക് മത്സ്യഫെഡ് വഴി സബ്‌സിഡി നിരക്കിൽ മണ്ണെണ്ണ നൽകുന്നുണ്ട്. വലിയ ഇൻബോർഡ് വള്ളങ്ങൾക്ക് പ്രതിദിനം ശരാശരി 40,000 രൂപയോളം ഇന്ധനത്തിനായി മാത്രം ചെലവാകുന്നുണ്ട്. ചൂട് വർധിച്ചതോടെ മത്സ്യങ്ങൾ ആഴക്കടലിലേക്ക് നീങ്ങുന്നതിനാൽ വള്ളങ്ങൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നത് ഇന്ധന ഉപഭോഗവും ചെലവും വീണ്ടും വർധിപ്പിക്കുന്നു.
മണ്ണെണ്ണ സബ്‌സിഡി തുക 50 രൂപയാക്കി ഉയർത്തിയെങ്കിലും നിലവിലെ വിലവർധനവ് ഇതിന്റെ ഗുണം ഇല്ലാതാക്കിയിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ട് മത്സ്യബന്ധന മേഖലയെ സംരക്ഷിക്കണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടു. ഇന്ധനവില നിയന്ത്രിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ തീരപ്രദേശം പട്ടിണിയിലാകുമെന്നും വള്ളങ്ങൾ കടലിലിറക്കാൻ കഴിയാത്ത അവസ്ഥയാണെന്നും തൊഴിലാളി നേതാക്കൾ ചൂണ്ടിക്കാട്ടി
