ആറുമാസത്തിനിടെ വിതരണം ചെയ്തത് 12000ത്തോളം പട്ടയങ്ങൾ: മന്ത്രി എ.പി അനിൽകുമാർ
കൽപ്പറ്റ: സംസ്ഥാന സർക്കാർ ആദ്യ ആറുമാസത്തിനിടെ സംസ്ഥാനത്ത് വിതരണം ചെയ്തത് 12,000 ത്തോളം പട്ടയങ്ങളെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി തവിഞ്ഞാലിൽ നിർമിച്ച സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് കെട്ടിക്കിടന്ന രണ്ടരലക്ഷത്തോളം അപേക്ഷകളിൽ 52,000 അപേക്ഷകൾ പരിഹരിച്ചതായും മന്ത്രി പറഞ്ഞു. തവിഞ്ഞാൽ പ്രദേശത്തെ ഭൂമിയുടെ ഫെയർവാല്യു അമിതമായി വർധിച്ചതിനാൽ ഭൂമി വിൽക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും പ്രയാസം നേരിടുന്നതായി ജനപ്രതിനിധികൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വർഷങ്ങളായി പട്ടയത്തിന് കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കാൻ നടപടികൾ വേഗത്തിലാക്കും. ഭൂമി സംബന്ധമായ സേവനങ്ങൾക്ക് ജനങ്ങൾ നിരന്തരം ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കി സമയബന്ധിതമായും സുതാര്യമായും സേവനങ്ങൾ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മാനന്തവാടി ബ്ലോക്കിന് കീഴിലെ 12 സ്മാർട്ട് വില്ലേജ് ഓഫീസുകളിൽ ഒന്നാണ് തവിഞ്ഞാൽ സ്മാർട്ട് വില്ലേജ് ഓഫീസ്. 2024-25 വർഷത്തെ എസ്.എ.എസ്.സി.ഐ ഫണ്ടിൽനിന്ന് 45 ലക്ഷം രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ജനങ്ങൾക്ക് മികച്ച സേവനങ്ങൾ ലഭ്യമാക്കുക, ഓഫീസുകളെ കൂടുതൽ ജനസൗഹൃദമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സ്മാർട്ട് വില്ലേജ് ഓഫീസ് നടപ്പാക്കുന്നത്. പരിപാടിയിൽ എം എൽ.എ ഉഷ വിജയൻ അധ്യക്ഷയായി. ജില്ലാ കളക്ടർ വി. ചെൽസാസിനി, സബ് കളക്ടർ അതുൽ സാഗർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ബിജു, വൈസ് പ്രസിഡന്റ് റാബിയ അബ്ബാസ്, ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം ലിസി ജോസ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ജോസഫ് മറ്റത്തിലാനി, എൽസി ജോയി, വി.കെ ശശികുമാർ, വാർഡ് അംഗങ്ങളായ ലൈജി തോമസ്, മുജീബ് റഹ്മാൻ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
