Feature NewsNewsPopular NewsRecent News

ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് ജില്ലയിലെ മൂന്ന് വിദ്യാർത്ഥികൾ അർഹരായി

കൽപറ്റ:വനിതാ ശിശു വികസന വകുപ്പിന്റെ ഉജ്വല ബാല്യം പുരസ്‌കാരത്തിന് ജില്ലയില്‍ നിന്നു മൂന്ന് വിദ്യാര്‍ഥികള്‍ അര്‍ഹരായി. വിവിധ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പ് നല്‍കുന്ന പുരസ്‌കാരത്തിന് ആദിലക്ഷ്മി സനേഷ്, ആര്‍ ആല്‍വിന്‍, നിവേദ് സുധീര്‍ എന്നിവരാണ് അര്‍ഹരായത്.

ആറ് മുതല്‍ 11 വയസ് വരെയുള്ള പൊതുവിഭാഗത്തിലാണ് ആദിലക്ഷ്മി സനേഷ് പുരസ്‌കാരത്തിന് അര്‍ഹയായത്. കല്‍പറ്റ ജീനിയസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ദേശീയ, അന്തര്‍ദേശീയ റെക്കോര്‍ഡുകള്‍ ആദിലക്ഷ്മി കരസ്ഥമാക്കിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ സ്റ്റാര്‍ കിഡ്‌സ് അവാര്‍ഡിലെ സ്റ്റാര്‍ അച്ചീവര്‍ പുരസ്‌ക്കാരം, രബീന്ദ്ര രത്‌ന പുരസ്‌കാര്‍ എന്നിവ നേടിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്‍ജീനിയസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്‍ഫ്‌ളുവന്‍സര്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ്, വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ലണ്ടന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എന്നിവയിലും ഇടം നേടിയിട്ടുണ്ട്.

12 മുതല്‍ 18 വയസ്സുവരെയുള്ള പൊതുവിഭാഗത്തിലാണ് ആര്‍ ആല്‍വിന്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. പനമരം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. സൈക്ലിങ് പോളോയില്‍ ദേശീയതലത്തില്‍ രണ്ടാം സ്ഥാനവും സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.

12 മുതല്‍ 18 വയസ്സുവരെയുള്ള ഭിന്നശേഷി വിഭാഗത്തിലാണ് നിവേദ് സുധീര്‍ പുരസ്‌കാരം ലഭിച്ചത്. പനമരം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. ജാസ് ഡ്രംസ് അവതരിപ്പിച്ച് ശ്രദ്ധ നേടിയ നിവേദ് അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തില്‍ പ്രധാന അതിഥിയായി പങ്കെടുത്ത് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ബ്ലോക്ക്തല ഭിന്നശേഷി സര്‍ഗ മേളയില്‍ പങ്കെടുത്തിട്ടുണ്ട്. തിരുവനന്തപുരത്ത് നടക്കുന്ന കാര്‍ണിവല്‍ ഓഫ് ദി ഡിഫറന്റ് ഭിന്നശേഷി സര്‍ഗോത്സവത്തിലേക്ക് നിവേദിന് സെലക്ഷന്‍ ലഭിച്ചിട്ടുണ്ട്. ജേതാക്കള്‍ക്ക് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ശിശുദിനാഘോഷത്തില്‍ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ പുരസ്‌കാരം വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *