വന്യജീവി സാന്നിധ്യമുള്ള മേഖലകളിൽ ഇനി വെളിച്ചം; സൗരവിളക്കുകളുമായി വനംവകുപ്പ്; 15 ഓളം സൗരോർജ തെരുവുവിളക്കുകൾ സ്ഥാപിച്ചു; വന്യജീവി ആക്രമണ സാധ്യത കുറയ്ക്കാൻ നടപടി
മാനന്തവാടി: വന്യജീവി സാന്നിധ്യം പതിവായ ജനവാസ മേഖലകളിൽ രാത്രികാല സുരക്ഷ ഉറപ്പാക്കാൻ സൗരോർജ തെരുവുവിളക്കുകൾ സ്ഥാപിച്ച് വനംവകുപ്പ്. ഇരുട്ടിൽ വന്യജീവികളുടെ സാന്നിധ്യം തിരിച്ചറിയാനാകാതെ അപകടങ്ങളിൽപ്പെടുന്ന സാഹചര്യം ഒഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നോർത്ത് വയനാട് വനം ഡിവിഷൻ്റെ നേതൃത്വത്തിൽ മാനന്തവാടി റാപ്പിഡ് റെസ്‌പോൺസ് ടീമിൻ്റെ സഹകരണത്തോടെ വിവിധ പ്രദേശങ്ങളിൽ വിളക്കുകൾ സ്ഥാപിച്ചു.
കീ സ്റ്റോൺ ഫൗണ്ടേഷൻ്റെ സഹായത്തോടെ അറവനാഴി, പനവല്ലി, അവരമൂല, എമ്മിടി, ഷാണമംഗലം, ബാവലി, മാനിവയൽ, മുത്തുമാരി, തച്ചറക്കൊല്ലി, കുമ്പന്നൂർ, പഞ്ചാരക്കൊല്ലി, പണിയൻകുഴിമല, മൈലറ്റുമല, പെരിഞ്ചേരിമല, കോട്ടയിൽ 15 ഓളം സൗരോർജ തെരുവുവിളക്കുകളാണ് സ്ഥാപിച്ചത്.
വന്യജീവിമനുഷ്യ സംഘർഷ സാധ്യത കൂടുതലുള്ള പ്രദേശങ്ങൾ കണ്ടെത്തി ഗ്രാമതല യോഗങ്ങൾ സംഘടിപ്പിച്ച ശേഷമാണ് പദ്ധതി നടപ്പാക്കിയത്.
വിളക്കുകളുടെ പരിപാലനത്തിലും ജനപ്രതിനിധികളുടെ പങ്കാളിത്തവും ഉറപ്പാക്കിയിട്ടുണ്ട്. നോർത്ത് വയനാട് ഡി.എഫ്.ഒ. ആർ. സന്തോഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരം ബേഗൂർ, മാനന്തവാടി, പേര്യ റെയ്ഞ്ചുകളുടെ പരിധിയിലുള്ള വിവിധ സ്ഥലങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്.
സൗരവിളക്കുകൾ സ്ഥാപിച്ചതോടെ രാത്രിയിൽ വന്യജീവികളുടെ സാന്നിധ്യം മുൻകൂട്ടി തിരിച്ചറിയാനും അതുവഴി അപകടസാധ്യത കുറയ്ക്കാനും കഴിയുമെന്നാണ് വനംവകുപ്പിൻ്റെ പ്രതീക്ഷ. വന്യജീവി ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് പദ്ധതി ഏറെ ആശ്വാസകരമായിട്ടുണ്ട്.
വകുപ്പിന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ എൻ.വി. സത്യൻ, വി.ആർ. ഷാജീവ്, പി. സുബൈർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ഐ.സി. രാജു, സിജോ തോമസ്, രാജേഷ്, കീ സ്‌റ്റോൺ ഫൗണ്ടേഷൻ സീനിയർ പ്രോഗ്രാം ഓഫീസർ കെ.ജി. രാമചന്ദ്രൻ, ജീവനക്കാരായ പി.ബി. സനീഷ്, എൻ.എം. വിഷ്ണു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ. പ്രകാശൻ, എസ്.ആർ. നവീൻ, ജി. എൽ. പ്രശാന്ത്, കെ. സുനിൽകുമാർ, പ്രശാന്തൻ, വി.പി. സനൂപ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
