കൊയിലേരി ഉദയ വായനശാല രജത ജൂബിലി നിറവിൽ
മാനന്തവാടി: നഗരസഭാ പരിധിയിലെ കൊയിലേരിയില്‍ പ്രവര്‍ത്തിക്കുന്ന ഉദയ വായനശാല രജത ജൂബിലി നിറവില്‍. സംസ്ഥാന ലൈബ്രറി കൗണ്‍സിലില്‍ അംഗത്വം ലഭിച്ചതിന്റെ 25-ാം വാര്‍ഷികമാണ് ഉയദ ആഘോഷിക്കുന്നത്. എട്ടു മാസം നീളുന്നതാണ് ആഘോഷ പരിപാടികള്‍.
ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 21ന് നേത്രരോഗ മെഡിക്കല്‍ ക്യാമ്പ് നടത്തും. നിയോജകമണ്ഡലം എംഎല്‍എ ഉഷ വിജയന് ഉദ്ഘാടനം ചെയ്യും. രജത ജൂബിലി ലോഗോ പ്രകാശനം നഗരസഭാ ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ നിര്‍വഹിക്കും. ജൂബിലി കര്‍മപദ്ധതി കലണ്ടര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍ പ്രകാശനം ചെയ്യും. 2027 ജനുവരിയില്‍ ഗ്രാന്‍ഡ് ജൂബിലി ഉദ്ഘാടനം, സാംസ്കാരിക ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, കലാപരിപാടികള്‍, ഗാനമേള, മെഗാ കാര്‍ഷിക സെമിനാര്‍, 25 പേര്‍ക്ക് ഹൈബ്രീഡ് ഗംഗാബോണ്ടം തെങ്ങിന് തൈ വിതരണം, കേരള ഫോക് ലോര്‍ അക്കാദമി കലാവിരുന്ന്, ലഹരിക്കെതിരേ തൂഫാന് കാമ്പയിന്, തെരഞ്ഞെടുത്ത രണ്ട് ഊരുകളില്‍ കോര്‍ണര്‍ വായനശാല സ്ഥാപിക്കല്‍, വയോജന സംഗമം,
കവിയരങ്ങ്, പുസ്തക ചര്‍ച്ച, ഫുട്ബോള്‍, വടംവലി മത്സരങ്ങള്‍, ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്, എഴുത്ത് കാരോടൊപ്പം, ജനറല്‍ മെഡിക്കല്‍ ക്യാമ്പ്, രക്തദാന ക്യാമ്പ്, അവയവ ദാന സമ്മതപത്രം കൈമാറല്‍, അക്ഷരം സാന്ത്വനം പാലിയേറ്റീവ് പരിചരണ സഹായങ്ങള്‍, ബാലവേദി കലാസന്ധ്യ,
പുസ്തക പ്രദര്‍ശനം, മാഗസിന് പ്രകാശനം, പഠന-വിനോദ യാത്ര, ടെലിഫിലിം നിര്‍മാണം
തുടങ്ങിയ പരിപാടികള്‍ നടത്തും.
കൊയിലേരിയിലെ കലാകായിക പ്രവര്‍ത്തകര്‍ രൂപീകരിച്ച ഉദയ കലാസമിതിയാണ് 1991ല്‍ സൊസൈറ്റിസ് ആക്ട് അനുസരിച്ച് ഉദയ വായനശാലയായി മാറിയത്. 2002ലാണ് സംസ്ഥാന ലൈബ്രറി കൗണ്‍സിലില്‍ അംഗത്വം ലഭിച്ചത്. മികച്ച സംഘടനയ്ക്കുളള നെഹ്റു യുവകേന്ദ്ര പുരസ്കാരം, മികച്ച വായശാലയ്ക്കുളള ലൈബ്രറി കൗണ്‍സില്‍ പുരസ്കാരം, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ജില്ലാ അവര്‍ഡ്, ലൈബ്രറി കൗണ്‍സിലിന്റെ മികച്ച പാലിയേറ്റീവ് ലൈബ്രറിക്കുളള പുരസ്കാരങ്ങള്‍ തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ഉദയയെ തേടിയെത്തി. വയനാടിന്റെ ലോകകപ്പ് എന്നറിയപ്പെടുന്ന മാനന്തവാടി ഉദയ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സംഘാടനവും ഉദയ വായനശാലയാണ് നടത്തുന്നത്. ജൂബിലി ആഘോഷ നടത്തിപ്പിന് കമ്മന മോഹനന് ചെയര്‍മാനും ഷാജി തോമസ് ജനറല്‍ കണ്‍വീനറുമായി 51 അംഗ സ്വാഗതസംഘം പ്രവര്‍ത്തനം ആരംഭിച്ചു
