വയനാട് മെഡിക്കൽ കോളേജിലേയ്ക്ക് പുതിയ പതിമൂന്ന് ഡോക്ടർമാർ കൂടി എത്തുന്നു
മാനന്തവാടി: ഡോക്ടർമാരുടെ രൂക്ഷമായ ദൗർലബ്യം നേരിടുന്ന വയനാട് മെഡിക്കൽ കോളേജിലേയ്ക്ക് പതിമൂന്ന് സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് സീനിയർ റെസിഡന്റുമാരായി ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് നിയമനം നൽകി. മാനന്തവാടിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്ത വിഷയം ഉഷ വിജയൻ എം.എൽ.എ നിരവധി തവണ ആരോഗ്യ മന്ത്രിയുടേയും ഡയറക്ടറുടേയും ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഒക്ടോബർ 29 ന് ആരോഗ്യ വിദ്യാഭ്യാസ ജോയിൻ്റ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം വയനാട് മെഡിക്കൽ കോളേജിലേക്ക് പതിമൂന്ന് സെഷ്യലിസ്റ്റ് ഡോക്ടർമാരെയാണ് സീനിയർ റെസിഡന്റുമാരായി നിയമനം നൽകിയത്.ജനറൽ സർജറി വിഭാഗത്തിലേയ്ക്ക് രണ്ട്, ഇമ്മ്യൂണോ ഹെമറ്റോളജി ഒന്ന്, അസ്ഥി രോഗ വിഭാഗം രണ്ട്, ഫാർമക്കോളജി രണ്ട്, റേഡിയോളജി രണ്ട്, പൾമനോളജി ഒന്ന്, ഗൈനക്കോളജി ഒന്ന്, ജനറൽ മെഡിസിൻ ഒന്ന്, അനസ്തേഷ്യ ഒന്ന് എന്നിങ്ങനെ പതിമൂന്ന് പേർക്കാണ് നിർബന്ധിത സേവനം എന്ന നിലയിൽ നിയമനം നൽകുന്നത്.
പതിമൂന്ന് ഡോക്ടർമാർ ജോലിക്ക് ഹാജരാകുന്നതോടെ മാനന്തവാടിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജിലെ രൂക്ഷമായ ഡോക്ടർമാരുടെ ക്ഷാമത്തിന് അറുതിവരുത്തുവാൻ കഴിയും. പുതുതായി അനുവദിക്കപ്പെട്ട എം.ആർ.ഐ സ്കാനിംഗും റേഡിയോളജി വിഭാഗത്തിലേക്ക് രണ്ട് പുതിയ ഡോക്ടർമാർ കൂടി ചുമതല ഏൽക്കുന്നതോടെ എക്സറേ, സി.ടി. എം. ആർ. ഐ വിഭാഗം പൂർണ തോതിൽ സജ്ജമാകും. ഇതോടെ രോഗികൾക്കുള്ള സേവനവും പരിചരണവും കൂടുതൽ മെച്ചപ്പെടുത്തുവാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഉഷ വിജയൻ എം.എൽ.എയും മെഡിക്കൽ കോളേജ് അധികൃതരും .
ആവശ്യത്തിന് ഡോക്ടർമാരില്ലാതെ പ്രതിസന്ധിയിൽ അകപ്പെട്ട മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലേക്ക് പതിമൂന്ന് വിദഗ്ദ ഡോക്ടർമാരെ സീനിയർ റസിഡൻ്റുമാരായി നിയമിക്കുന്നതിലും എം.ആർ.ഐ സ്കാനിംഗ് ഉൾപ്പെടെ സുസജ്ജമായ റേഡിയോളജി വിഭാഗം ഒരുക്കുന്നതിലും മന്ത്രിതലത്തിൽ ശക്തമായി ഇടപെട്ട ഉഷ വിജയൻ എം.എൽ.എ യെ ജില്ല യുഡിഎഫ് കൺവീനർ എച്ച് ബി പ്രദീപ് മാസ്റ്റർ അഭിനന്ദിച്ചു.
