പ്രീപ്രൈമറി വിദ്യാർഥികൾ ബസ് സ്റ്റോപ്പ് ഉദ്ഘാടനം ചെയ്തു
കെല്ലൂർ: കെല്ലൂർ ഗവൺമെന്റ് എൽ.പി. സ്കൂളിലെ പ്രീപ്രൈമറി വിദ്യാർഥികൾ ബസ് സ്റ്റോപ്പ് ഉദ്ഘാടനം ചെയ്തത് നാട്ടുകാർക്ക് കൗതുകമായി. കെല്ലൂർ എൽ.പി. സ്കൂളിന് സമീപം യു.എസ്.കെ. യുവജന കൂട്ടായ്മ പുതുതായി നിർമിച്ച പാറക്കണ്ടി അജ്നാസ് സ്‌മാരക ബസ് സ്‌റ്റോപ്പാണ് കുരുന്നുകൾ ഉദ്ഘാടനം ചെയ്തത്.പുതുതലമുറയ്ക്ക് സാമൂഹിക സേവനത്തിന്റെയും കൂട്ടായ്‌മയുടെയും മൂല്യങ്ങൾ പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് യു.എസ്.കെ. ഭാരവാഹികൾ ഇത്തരമൊരു വേറിട്ട തീരുമാനമെടുത്തത്. കുട്ടികളിലൂടെ ഉദ്ഘാടനം നിർവഹിച്ചതിലൂടെ സാമൂഹിക പ്രവർത്തനങ്ങളിൽ ചെറുപ്രായം മുതൽ തന്നെ പങ്കാളിത്തബോധം വളർത്തുകയെന്ന സന്ദേശവും ചടങ്ങ് പകർന്നു നൽകി.ചടങ്ങിൽ വാർഡ് മെമ്പർ ഷമീർ തുരുത്തിയിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ബിനി ബാബു, ആർ.ടി.ഒ. കിഷോർ, കോമ്പി അബ്ദുള്ള ഹാജി, വെട്ടൻ ഇബ്രാഹിം ഹാജി, ചക്കിലി അമ്മദ് ഹാജി, രക്ഷാധികാരി മഷൂദ് കോമ്പി, മമ്മൂട്ടി മുസ്‌ലിയാർ, ഉനൈസ് മുസ്‌ലിയാർ തുടങ്ങിയവർ പങ്കെടുത്തു.
