Feature NewsNewsPopular NewsRecent News

ഡബ്ല്യൂ.എം.ഒ.സ്നേഹപൂർവം ക്ഷണിച്ചു;വയനാട്ടുകാർ കൂട്ടംകൂട്ടമായെത്തി

മുട്ടിൽ: ഡബ്ല്യൂ.എം.ഒ. കുടുംബസന്ദർശനത്തിൻ്റെ ആദ്യദിനത്തിൽ യതിംഖാനയിലേക്ക് ജനപ്രവാഹം. കുടുംബസന്ദർശന സംഘാടകസമിതിയുടെ ക്ഷണം ഹൃദയപൂർവം ഏറ്റെടുത്ത വയനാട്ടുകാർ കൂട്ടംകൂട്ടമായെത്തിയപ്പോൾ ആദ്യദിനമെത്തിയത് പതിനയ്യായിരം പേർ. ആത്മീയസദസ്സിന് സയ്യിദ് മാനു തങ്ങൾ വെള്ളൂർ, അഷ്റഫ് ഫൈസി പനമരം, ഹനീഫ ഫൈസി വാകേരി, ഹനീഫ ബാഖവി കമ്പളക്കാട്, ഉമ്മർ ഫൈസി ബത്തേരി, ഇർഷാദ് വാഫി എന്നിവർ നേതൃത്വം നൽകി. ഡബ്ല്യൂ.എം.ഒ.യുടെ പ്രവർത്തനമാതൃകകൾ ജനങ്ങളിലേക്കെത്തിക്കുന്നതിനൊപ്പം, കുടുംബത്തെപ്പോലെ തന്നെ സമൂഹത്തോടുള്ള പ്രതിബദ്ധതയും ഉത്തരവാദിത്തവും പ്രധാനമാണെന്ന സന്ദേശം മുന്നോട്ടുവെച്ചാണ് കുടുംബസന്ദർശനം ആസൂത്രണം ചെയ്തതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി പറഞ്ഞു. പ്രസിഡന്റ് പി.പി. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ നിരാശ്രയരായ മക്കളോടൊപ്പം ചേർന്നുനിൽക്കാൻ ഡബ്ല്യൂ.എം.ഒ. നാട്ടുകാർക്കായി ഒരുക്കിയ പുണ്യാവസരമാണ് കുടുംബസന്ദർശനമെന്ന് ജോയിന്റ് സെക്രട്ടറി ഡോ. റാഷിദ് ഗസ്സാലി പറഞ്ഞു. ഓർഫനേജ് സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടുകാരുടെ തണലും കരുണയും ഇനിയും ഈ പ്രസ്ഥാനത്തിന് ആവശ്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഗുജറാത്തും മണിപ്പൂരുമടക്കം ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലങ്ങളിൽനിന്ന് ദുരിതങ്ങളും ദുരന്തങ്ങളും അതിജീവിച്ചെത്തിയ നിരവധി മക്കളുടെ സ്വപ്നങ്ങൾ തളിരിടുന്ന പ്രതീക്ഷയുടെ ഇടമാണ് ഡബ്ല്യൂ.എം.ഒ. അവർക്ക് ഭൂമിയും ആകാശവുമെല്ലാം ഈ കാരുണ്യകേന്ദ്രമാണ്. നാട്ടിലും വിദേശത്തുമുള്ള ദയയും കരുണയുമുള്ള മനുഷ്യരുടെ കൈകളാണ് ഈ സ്ഥാപനത്തിന്റെ കരുത്തും ആശ്രയവും. അവരിൽ സമ്പന്നരും സാധാരണക്കാരുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന കുടുംബസംഗമം പ്രാർഥനാനിർഭരമായ ആത്മീയസദസ്സുകളും വൈവിധ്യസമ്പന്നമായ പ്രദർശനവുംകൊണ്ട് ശ്രദ്ധേയമായി. വയനാടിന്റെ ആത്മാഭിമാനമുയർത്തുന്നതിൽ ഓർഫനേജ് വഹിച്ച പങ്കിനുള്ള അംഗീകാരമായി ജനപങ്കാളിത്തം. അഡ്വ. കെ. മൊയ്തു സ്വാഗതം പറഞ്ഞു. ഡബ്ല്യൂ.എം.ഒ. ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. ഡബ്ല്യൂ.എം.ഒ. മക്കളുടെ പ്രാർത്ഥനയ്ക്ക് സ്വാബിർ, അജ്മൽ, ഹിന ഹബീബ എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ കലാപരിപാടികൾ, ഡോക്യുമെൻ്ററി പ്രദർശനങ്ങൾ എന്നിവയും നടന്നു. കുടുംബസന്ദർശനം ഇന്നും (ബുധൻ) തുടരും.

Leave a Reply

Your email address will not be published. Required fields are marked *