Event More NewsFeature NewsNewsPoliticsPopular NewsRecent News

ടൗണ്‍ഷിപ്പ്: രണ്ടാംഘട്ടത്തിലെ 149 വീടുകള്‍ പൂര്‍ത്തിയാവുന്നു

കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്ത അതിജീവിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിലെ രണ്ടാംഘട്ട നിര്‍മ്മാണത്തില്‍ 149 വീടുകള്‍ പൂര്‍ത്തിയാവുന്നു. വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ദുരന്ത ബാധിത കുടുംബങ്ങള്‍ക്ക് സുരക്ഷിത താമസ സൗകര്യം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍. ആദ്യഘട്ടത്തില്‍ 178 വീടുകളാണ് ഗുണഭോക്താക്കള്‍ക്കായി കൈമാറിയത്. എല്ലാം നഷ്ടമായവര്‍ക്ക് സ്വന്തമായി വീട്, സമ്പൂര്‍ണ ജീവിതസാഹചര്യങ്ങള്‍ ഒരുക്കുകയാണ് ടൗണ്‍ഷിപ്പിലൂടെ. ദ്രുതഗതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന അങ്കണവാടി, ആരോഗ്യ കേന്ദ്രം, മാര്‍ക്കറ്റ്, പൊതുശുചിമുറി, റോഡ് എന്നിവ ഡിസംബറോടെ ടൗണ്‍ഷിപ്പില്‍ സജ്ജമാക്കും. കുട്ടികളുടെ പരിചരണം, ആരോഗ്യസംരക്ഷണം, ദൈനംദിന ആവശ്യങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുങ്ങുന്നതോടെ ടൗണ്‍ഷിപ്പ് കൂടുതല്‍ ജനസൗഹൃദമാകും. പരിസ്ഥിതി സൗഹൃദ വികസനം ലക്ഷ്യമാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറിയ എല്ലാ വീടുകളിലും ഉത്പാദിപ്പിക്കുന്ന മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്‌കരിക്കാന്‍ ത്രീ-ലെയര്‍ ബയോ കമ്പോസ്റ്റ് ബിന്നുകള്‍ നല്‍കിയിട്ടുണ്ട്. ഓരോ വീടിനും രണ്ട് കിലോവാട്ട് ശേഷിയുള്ള നെറ്റ് മീറ്ററിങ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന റൂഫ്ടോപ്പ് സൗരോര്‍ജ പ്ലാന്റ് ജില്ലയിലെ റസിഡന്‍ഷ്യല്‍ സൗരോര്‍ജ കൂട്ടായ്മകളിലൊന്നായി ടൗണ്‍ഷിപ്പിനെ മാറ്റി. പൊതുസൗകര്യങ്ങള്‍ക്കായുള്ള അധിക സൗരോര്‍ജ സംവിധാനം വൈദ്യുതി ഗ്രിഡിനെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കും. ആദ്യഘട്ടത്തിലെ 178 വീടുകളും രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാവുന്ന 149 വീടുകളും കൈമാറുന്നതോടെ 327 കുടുംബങ്ങള്‍ക്ക് സുരക്ഷിത ഇടം ഒരുക്കി ദുരന്ത പുന:രധിവാസത്തിന് മാതൃകയാവുകയാണ് ടൗണ്‍ഷിപ്പ്

Leave a Reply

Your email address will not be published. Required fields are marked *