വയനാട്ടിൽ ടെലികോം വികസനം ശക്തമാക്കും: എല്ലാ മേഖലകളിലും 4ജി ലഭ്യമാക്കാൻ തീരുമാനം
കൽപ്പറ്റ: വയനാട് ജില്ലയിൽ ടെലികോം രംഗത്ത് കൂടുതൽ വികസനം സാധ്യമാക്കുന്നതിന്റെ ഭാഗമായി എല്ലാ മേഖലകളിലും 4ജി നെറ്റ്‌വർക്ക് ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കും. ടെലികോം അധിഷ്ഠിത വിഷയങ്ങൾ വിലയിരുത്തുന്നതിനും തുടർനടപടികൾ ഏകോപിപ്പിക്കുന്നതിനുമായി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കെ. അജീഷിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ആസ്പിരേഷൻ ജില്ലയായ വയനാട്ടിൽ ടെലികോം രംഗത്ത് സമഗ്ര വികസനം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കാനും യോഗം നിശ്ചയിച്ചു. നിലവിൽ ഫോർജി നെറ്റ്‌വർക്ക് ശരിയായി ലഭിക്കാത്തതിനാൽ ഓൺലൈൻ ജോലികൾ, വിദ്യാർഥികളുടെ പഠനം, വീഡിയോ കോളുകൾ, യു.പി.ഐ പേയ്മെന്റുകൾ എന്നിവ തടസ്സപ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് കണക്ഷനുകളില്ലാത്ത മുഴുവൻ ഇടങ്ങളിലും 4ജി ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുന്നത്. കൂടാതെ ജില്ലാ ടെലികോം കമ്മിറ്റി യോഗങ്ങൾ കൃത്യസമയത്ത് വിളിച്ചുചേർക്കാനും സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ സമയബന്ധിതമായി പരിഹരിക്കാനും ധാരണയായി. യോഗത്തിൽ ടെലികോം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ രാമേശ്വർ ധരിവാൾ, അസിസ്റ്റന്റ് ഡയറക്ടർ വി.ഐ. അജീബ്, ബി.എസ്.എൻ.എൽ ഡി.ജി.എം എം.എ. സതീഷ്, എ.ജി.എം ബി.ടി. രാമചന്ദ്രു, ഐ.ടി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ എസ്. നിവേദ് എന്നിവർ പങ്കെടുത്തു
