വയനാട് മെഡിക്കൽ കോളജ്: കൃഷി മന്ത്രിയുടെ ഓഫീസിലേക്ക്ജന കീയ ആക്ഷൻ കൗൺസിൽ മാർച്ച് നാലിന്
കല്‍പ്പറ്റ: വയനാട് ഗവ.മെഡിക്കല്‍ കോളജ് മടക്കിമലയ്ക്കടുത്ത് സൗജന്യമായി ലഭ്യമാകുന്ന ഭൂമിയില്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി നടത്തിവരുന്ന സമരങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ നാലിന് രാവിലെ 11ന് കൃഷി മന്ത്രി ടി. സിദ്ദിഖിന്റെ കല്‍പ്പറ്റ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കാന്‍ വയനാട് മെഡിക്കല്‍ കോളജ് ജനകീയ ആക്ഷന്‍ കൗണ്‍സിലിന്റെയും വിവിധ സംഘടനാ പ്രതിനിധികളുടെയും സംയുക്ത യോഗം തീരുമാനിച്ചു. മടക്കിമലയില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് വിട്ടുകൊടുക്കാന്‍ സന്നദ്ധമായ ഭൂമിയില്‍ മെഡിക്കല്‍ കോളജ് സ്ഥിര നിര്‍മാണം നടത്താതിരിക്കുന്നതിന് തത്പര കക്ഷികള്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് യുഡിഎഫ് ജില്ലാ നേതൃത്വം ഒത്താശ ചെയ്യുകയാണെന്ന് യോഗം ആരോപിച്ചു. മടക്കിമലയില്‍ സ്ഥാപിക്കേണ്ടിയിരുന്ന മെഡിക്കല്‍ കോളജ് മാനന്തവാടിയിലേക്ക് മാറ്റിയ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ പ്രചാരണം നടത്തി വിജയിച്ചവരാണ് നിലവിലെ കല്‍പ്പറ്റ, ബത്തേരി എംഎല്‍എമാര്‍. എന്നാല്‍ ഇവര്‍ ഇപ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്വപ്ന പദ്ധതി തകര്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. മടക്കിമലയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുമ്പോള്‍ ‘ജിനചന്ദ്ര മെമ്മോറിയല്‍ മെഡിക്കല്‍ കോളജ്’ എന്ന് നാമകരണം ചെയ്യണമെന്ന ചന്ദ്രപ്രഭ ട്രസ്റ്റിന്റെ ആവശ്യവും മുന്‍ സര്‍ക്കാര്‍ അംഗീകരിച്ച കരാറും സംരക്ഷിക്കാന്‍ ജനപ്രതിനിധികള്‍ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതാവ് കുന്നത്ത് അഷ്്‌റഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജില്ലാ പ്രസിഡന്റ് കെ.എന്‍. പ്രേമലത അധ്യക്ഷത വഹിച്ചു. ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ.വി.പി. യെല്‍ദോ, സെക്രട്ടറി കെ.വി. ഗോകുല്‍ദാസ്, ഡോ.എം. ബാലകൃഷ്ണന്‍, വിവിധ സംഘടനാ പ്രതിനിധികളായ ജോണി പാറ്റാനി, കെ.വി. പ്രകാശ്, എന്‍. യാസിന്‍, ടി. മണി, യാഷിന്‍ അമര്‍, കെ.കെ.എസ്. നായര്‍, പി.എം. ഉദയകുമാര്‍, പി.എന്‍. രാജന്‍, എച്ച്. സുജാത, വിജയന്‍ പനമരം, ടി. ശശീന്ദ്രന്‍, മോഹന്‍ താളൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
ലളിത് മഹല്‍ പരിസരത്ത് മാര്‍ച്ച് സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എ.പി. അഹമ്മദ് ഉദ്ഘാടനം ചെയ്യുമെന്നും സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ജോയി കൈതാരം മുഖ്യപ്രഭാഷണം നടത്തുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
