Event More NewsFeature NewsNewsPoliticsPopular NewsRecent News

പൊൻകുഴി ക്ഷേത്രം കർക്കിടക വാവ് ബലി: ഒരുക്കങ്ങൾ വിലയിരുത്തി അവലോകന യോഗം

സുൽത്താൻ ബത്തേരി: പൊൻകുഴി ക്ഷേത്രത്തിലെ കർക്കിടക വാവ് ബലിതർപ്പണം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ എം.എൽ.എ ഐ.സി. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. വാവ് ബലിയിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന സാഹചര്യത്തിൽ ഗതാഗതം, ശുചിത്വം, കുടിവെള്ള വിതരണം, പാർക്കിംഗ്, ആരോഗ്യ സേവനങ്ങൾ, തിരക്ക് നിയന്ത്രണം എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ സമയബന്ധിതമായി ഒരുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് എം.എൽ.എ നിർദേശം നൽകി.

ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കർണാടക സർക്കാരുമായി സഹകരിച്ച് കർണാടക ചെക്ക്പോസ്റ്റിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. ഭക്തരുടെ യാത്ര സുഗമമാക്കാൻ കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തുമെന്നും വാവ് ദിനത്തിൽ സ്വകാര്യ ബസുകൾ പുലർച്ചെ മുതൽ പ്രത്യേക സർവീസുകൾ നടത്തുമെന്നും യോഗത്തിൽ അറിയിച്ചു.

ക്ഷേത്ര പരിസരത്തും അനുബന്ധ പ്രദേശങ്ങളിലും ഹരിതചട്ടങ്ങൾ കർശനമായി നടപ്പാക്കും. പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിച്ച് പരിസരം ശുചിയായി നിലനിർത്താൻ പ്രത്യേക നടപടികൾ സ്വീകരിക്കും. മെഡിക്കൽ ടീമും ആംബുലൻസ് സൗകര്യവും ക്ഷേത്ര പരിസരത്ത് ഒരുക്കും.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊലീസ് സേനയെ വിന്യസിക്കും. പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ഫോറസ്റ്റ്, എക്സൈസ് വകുപ്പുകളുടെ സേവനം മുഴുവൻ സമയവും ലഭ്യമാക്കും. ക്ഷേത്ര പരിസരത്തെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കും.

കർക്കിടക വാവ് ബലിക്കെത്തുന്ന ഭക്തർക്ക് പ്രയാസങ്ങളില്ലാതെ ബലിതർപ്പണം നടത്താൻ സർക്കാർ വകുപ്പുകളും ക്ഷേത്രഭാരവാഹികളും ജനപ്രതിനിധികളും സംയോജിതമായി പ്രവർത്തിക്കണമെന്ന് എം.എൽ.എ നിർദേശിച്ചു.

സുൽത്താൻ ബത്തേരി മിനി സിവിൽ സ്റ്റേഷനിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രവീന്ദ്രൻ, നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ജയ, തഹസിൽദാർ വി.ആർ. ജയപ്രകാശ്, ഡി.വൈ.എസ്.പി. എൻ. രാജേഷ് കുമാർ, ക്ഷേത്രഭാരവാഹികൾ, പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *