Feature NewsNewsPopular NewsRecent News

കള്ളാടിയിൽ ഇടിഞ്ഞത് ഏകദേശം 20,000 ടൺ മണ്ണ്

കല്‍പ്പറ്റ: വയനാട് തുരങ്കപാത പദ്ധതി പ്രദേശത്തെ കള്ളാടി മീനാക്ഷി പാലത്തിന് സമീപം ഇന്നലെ രാവിലെ ഉണ്ടായ കുന്നിടിച്ചിനു കാരണമായത് അതിശക്തമായ ജലമര്‍ദം. കുന്നിടിഞ്ഞ് റോഡിലേക്കും മറ്റും തള്ളിയത് ഏകദേശം 20,000 ടണ്‍ മണ്ണ്. സംഭവസ്ഥലം സന്ദര്‍ശിച്ച മുന്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു. ദാസ് പങ്കുവച്ചതാണ് ഈ വിവരം.
തുരങ്കപാത നിര്‍മാണത്തിന് വയനാട് ഭാഗത്ത് തുരക്കേണ്ട പാറ സ്ഥിതിചെയ്യുന്നിടത്തേക്ക് 50 മീറ്ററോളം നീളത്തിലാണ് മണ്ണ് നീക്കേണ്ടത്. ഇതില്‍ ഏകദേശം 30 മീറ്ററില്‍ മണ്ണെടുത്ത് രണ്ട് വശങ്ങളിലും മൂന്നിഞ്ച് കനത്തില്‍ കോണ്‍ക്രീറ്റ് ലൈനിംഗ് നടത്തിയിട്ടുണ്ട്. കുന്നിന്‍മുകളില്‍നിന്നു ഒലിച്ചിറങ്ങുന്ന വെള്ളം ഒഴുകുന്നതിന് ലൈനിംഗ് നടത്തിയതിനടുത്ത് ഡ്രൈനേജ് നിര്‍മിച്ചിട്ടുണ്ട്. തുരക്കാനുള്ള പാറ വരെ 20 മീറ്ററോളം നീളത്തില്‍ മണ്ണെടുക്കാനുണ്ട്.
മീനാക്ഷി ഭാഗത്ത് തിങ്കളാഴ്ച 221 മില്ലീ മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. അപ്രതീക്ഷിതവും അതിശക്തവുമായ മഴയില്‍ കുന്നിലെ പാറയിലൂടെ എത്തിയ വെള്ളം ഡ്രൈനേജിലൂടെ ഒഴുകുന്നതിനൊപ്പം മണ്ണെടുത്തതിന്റെ ഇടതുവശത്തെ താഴ്ചയിലേക്കും കിനിഞ്ഞിറക്കി. കോണ്‍ക്രീറ്റ് ലൈനിംഗിന് തകര്‍ത്തും വെള്ളം പുറത്തുചാടി. നീക്കാനുള്ള മണ്ണിന്റെ അടിഭാഗമാണ് കുതിര്‍ന്ന് തകര്‍ന്ന് ഇടിഞ്ഞിറങ്ങിയത്.പാതയ്ക്കായി തുരക്കേണ്ട പാറ ഉറച്ചതാണ്. എന്നാല്‍ ഇതിനോടു ചേര്‍ന്നുള്ള മണ്ണ് ബലവത്തല്ല. മണ്ണിന്റെ സവിശേഷതകളും അതിലേക്ക് ഊര്‍ന്നിറങ്ങുന്ന വെള്ളത്തിന്റെ സ്വഭാവവും ഭൂഗര്‍ഭ ജലപ്രവാഹവും നിരിക്ഷിച്ച് പ്രവൃത്തി നടത്തുന്നതില്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് വീഴ്ച സംഭവിച്ചതായും ദാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *