Event More NewsFeature NewsNewsPoliticsPopular NewsRecent News

മണ്ണിടിയും, പാറ അടർന്ന് വീഴും! വൻ അപകട സാധ്യത’; തുരങ്കപാതയുടെ അനുമതി രേഖ പുറത്ത്

ഏറ്റവും അപകടസാധ്യതയുള്ള മേഖലയിലൂടെയാണ് വയനാട് തുരങ്കപാത നിർമിക്കുന്നതെന്ന് ആദ്യപേജിൽതന്നെ എഴുതിവച്ചാണ് സംസ്ഥാനതല പാരിസ്‌ഥിതിക അനുമതി സമിതി അംഗീകാരം നൽകിയതെന്ന് റിപ്പോർട്ട്. പദ്ധതി നടപ്പിലാക്കുന്നതിനായി 25 നിബന്ധനകൾസമിതി മുന്നോട്ട് വെച്ചെങ്കിലും അതിൽഭൂരിഭാഗവും നടപ്പായില്ലെന്നാണ് കണ്ടെത്തൽ. 2025 മാർച്ച് ഒന്നാം തീയതിയാണ് സംസഥാന തല പാരിസ്ഥിതിക അനുമതി വിദഗ്ധ സമിതി, പദ്ധതിക്ക് അംഗീകാരം നൽകുന്നത്. അവരുടെ മിനിറ്റ്സ് തുടങ്ങുന്നതു തന്നെ മണ്ണിടിച്ചിലിന് അതീവസാധ്യതയുള്ള, പാരിസ്ഥിതി ലോലപ്രദേശത്തുകൂടിയാണ് പദ്ധതി നടപ്പാക്കുന്നതെന്നും 2019ലും 2024 ലും ഇവിടെ വൻ മണ്ണിടിച്ചിൽ ഉണ്ടായി എന്നും പറഞ്ഞുകൊണ്ടാണ്. മണ്ണിടിച്ചിലിനും പാറകൾ അടർന്നുവീഴാനും വെള്ളം പൊട്ടിയൊലിച്ചെത്താനുമെല്ലാം സാധ്യതയുണ്ടെന്നും അനുമതി രേഖ പറയുന്നു. 2024 ലെ മുണ്ടകൈ ചൂരൽമല ദുരന്തത്തിന് ശേഷം ഇത്രയും അപകടകരമായ തുരങ്കപാതക്ക് ഒരു വിദഗ്ധ സമിതി എന്തിന് അനുമതി നൽകി എന്ന് മാത്രം വ്യക്തമല്ല.

25 നിബന്ധനകളാണ് സമിതി പ്രധാനമായി സർക്കാരിന് മുന്നിൽവെച്ചത്.

പാറപൊട്ടിക്കുമ്പോൾ ഉപരിതലത്തിൽ പ്രകമ്പനം അനുഭവപ്പെടരുത് എന്നു തുടങ്ങി നിർമാണ സമയത്ത് മണ്ണ് അട്ടിക്കിടരുതെന്നുവരെ നീളുന്നു നിബന്ധനകൾ. ഇത് നിർമാണ കമ്പനി അനുസരിച്ചില്ലെന്ന് കള്ളാടി ദുരന്തം വ്യക്തമാക്കുന്നു.

സർക്കാർ സർവീസിലുള്ളവർ, അധ്യാപകർ എന്നിവരടങ്ങുന്ന സമിതിക്ക് ഇത്രയും ബൃഹത്തായ ഒരുപദ്ധതി പഠിക്കാനുള്ള ശേഷിയോ സൗകര്യങ്ങളോ ഇല്ലെന്ന വിമർശനം ആദ്യഘട്ടത്തിൽതന്നെ ഉയർന്നിരുന്നു. രാഷ്ട്രീയ സമ്മർദത്തിനു വഴങ്ങി സംസ്‌ഥാനതലത്തിൽ നൽകിയ പാരിസ്‌ഥിതിക അനുമതിയുടെ ബലത്തിലാണ് സംസ്‌ഥാന സർക്കാർ കേന്ദ്ര അനുമതി കൂടി നേടിയെടുത്തത്.

അതേസമയം, അപകട സ്‌ഥലത്ത് കുന്നു കൂട്ടിയിട്ട മണ്ണ് മാറ്റണമെന്ന് കരാറുകാരനോട് രേഖാമൂലം ആവശ്യപ്പെട്ടുവെന്ന് മേപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. കരാറുകാരനെ പഞ്ചായത്ത് ഓഫിസിലേക്ക് വിളിച്ചുവരുത്തി അപകട മുന്നറിയിപ്പ് നൽകി. നാലു നില കെട്ടിടത്തിന്റെ ഉയരത്തിൽ മണ്ണ് കൂട്ടിയിട്ടതായും ജില്ലയിൽ എവിടെയും മണ്ണ് കൂട്ടിയിടാൻ സ്ഥലം കിട്ടുന്നില്ലെന്നായിരുന്നു കരാറുകാരന്റെ മറുപടിയെന്നും ഗ്രാമപഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *