Event More NewsFeature NewsNewsPoliticsPopular NewsRecent News

ഇനി ‘കൈവിട്ട കളി’ വേണ്ട: ഇരുചക്ര വാഹനങ്ങളിൽ ത്രിതല ‘ഹാൻഡ്‌സ് ഫ്രീ’ സുരക്ഷാ സംവിധാനം നിർബന്ധമാക്കാൻ കേന്ദ്രം

ന്യൂഡൽഹി: ഹാൻഡിലിൽ നിന്ന് കൈവിട്ട് ഇരുചക്ര വാഹനങ്ങൾ ഓടിച്ചുള്ള അപകടകരമായ അഭ്യാസപ്രകടനങ്ങൾക്കും മൊബൈൽ ഫോൺ ഉപയോഗത്തിനും പൂട്ടിടാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. റൈഡർമാർ ഇരുചക്ര വാഹനങ്ങളുടെ ഹാൻഡിലിൽ രണ്ട് കൈകളും കൃത്യമായി വെച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്ന ത്രിതല ‘ഹാൻഡ്‌സ് ഫ്രീ’ സാങ്കേതികവിദ്യ നിർമ്മാതാക്കൾ നിർബന്ധമായും വാഹനങ്ങളിൽ ഉൾപ്പെടുത്തേണ്ടി വരും.റോഡ് ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ്സ് കമ്മിറ്റിയാണ് ഇതിനായുള്ള പുതിയ കരട് ചട്ടം തയ്യാറാക്കിയിരിക്കുന്നത്. വാഹന നിർമ്മാതാക്കളുടെ പ്രതിനിധികൾ കൂടി ഉൾപ്പെടുന്ന കമ്മിറ്റി നിർദ്ദേശിച്ച ഈ സാങ്കേതികവിദ്യ, ബൈക്കുകളിലും സ്കൂട്ടറുകളിലും മൂന്ന് തലങ്ങളിലായുള്ള കടുത്ത സുരക്ഷാ പരിശോധന ഉറപ്പാക്കും.ഹാൻഡിലിലെ രണ്ട് ഗ്രിപ്പുകളിലും രണ്ടു കൈകളും കൃത്യമായി വെയ്ക്കാതെ വാഹനത്തിന്റെ എൻജിൻ സ്റ്റാർട്ട് ചെയ്യാൻ സാധിക്കില്ല. ഹാൻഡിലിലെ സെൻസറുകൾ കൈകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ മാത്രമേ ഇഗ്നിഷൻ ഓണാകൂ. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ റൈഡർ ഏതെങ്കിലും ഒരു കൈ ഹാൻഡിലിൽ നിന്ന് മാറ്റിയാൽ, മൂന്ന് സെക്കൻഡിനുള്ളിൽ വാഹനത്തിന്റെ ഡിസ്‌പ്ലേയിൽ മുന്നറിയിപ്പ് സന്ദേശവും ഒപ്പം ഓഡിയോ അലർട്ടും മുഴങ്ങും.മുന്നറിയിപ്പ് ലഭിച്ചിട്ടും 8 സെക്കൻഡ് കഴിഞ്ഞിട്ടും കൈകൾ തിരികെ ഹാൻഡിലിൽ വെച്ചില്ലെങ്കിൽ വാഹനം സ്വയം അപകടസാധ്യത തിരിച്ചറിയുകയും വേഗത തനിയെ കുറയ്ക്കുകയും ചെയ്യും. രാജ്യത്തുണ്ടാകുന്ന റോഡപകടങ്ങളിൽ വലിയൊരു പങ്കും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടുന്നതാണെന്ന കണ്ടെത്തലിനെ തുടർന്നാണ് കേന്ദ്രത്തിന്റെ ഈ അടിയന്തര ഇടപെടൽ.

Leave a Reply

Your email address will not be published. Required fields are marked *