ട്രൂത്ത് ഓഫ് മദേഴ്‌സ് 550 അമ്മമാരെ ആദരിക്കുന്നു
കല്‍പ്പറ്റ: ട്രൂത്ത് ഓഫ് മദേഴ്‌സ് വാട്‌സാപ് കൂട്ടായ്മ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു തെരഞ്ഞെടുത്ത 550 അമ്മമാരെ ആദരിക്കുന്നു. ലോക മാതൃദിനമായ മേയ് 10ന് എറണാകുളം ടൗണ്‍ഹാളിലാണ് പരിപാടി. രാഷ്ട്രീയം, കല, സാഹിത്യം, സംരഭകത്വം, ജീവകാരുണ്യം ഉള്‍പ്പെടെ മേഖലകളില്‍ മികവ് തെളിയിക്കുകയും സാമൂഹികാംഗീകരം ലഭിക്കാതിരിക്കുകയും ചെയ്യുന്ന അമ്മമാരെയാണ് ആദരണത്തിന് തെരഞ്ഞെടുത്തതെന്ന് കൂട്ടായ്മ പ്രതിനിധികളായ ഷിബില ഖാദര്‍, സെറീന ഉമ്മു സല്‍മാന്‍, ജഷീല യാസീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ എട്ടിന് ആരംഭിക്കുന്ന ചടങ്ങ് ഉച്ചകഴിഞ്ഞ് മൂന്നിന് സമാപിക്കും. ഓരോ അമ്മമാര്‍ക്കും മെമന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കും. ഇവരുടെ ജീവിതവിജയകഥ പിന്നീട് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കും.
ടാലന്റ് വേള്‍ഡ് റിക്കാര്‍ഡിനുള്ള ശ്രമം എന്ന നിലയിലും സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഹൈബി ഈഡന്‍ എംപി നിര്‍വഹിക്കും. ട്രൂത്ത് ഓഫ് മദര്‍ സ്ഥാപകരില്‍ ഒരാളായ ജൂലിയറ്റ് വിക്ടര്‍ അധ്യക്ഷത വഹിക്കും. ഉമ തോമസ്, ജസ്റ്റീസ് മേരി ജോസഫ്, അഡ്വ.ദീപ്തി മേരി വര്‍ഗീസ്, സിമി റോസ്‌ബെല്‍ ജോണ്‍, ചലച്ചിത്ര താരങ്ങളായ അംബിക മോഹന്‍, തെസ്‌നി ഖാന്‍, ബീന ആന്റണി തുടങ്ങിയവര്‍ പങ്കെടുക്കും
