സ്മാർട്ട് ക്രിയേഷൻസ് വക്കീൽ ഇനി ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകൻ, പുതിയ പദവി നൽകി നിയമനം
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ വക്കീലിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ച് സർക്കാർ. അഡ്വ. കെ ബി പ്രദീപിനെയാണ് ഹൈക്കോടതിയിലെ സ്പെഷൽ ഗവൺമെന്റ് പ്ലീഡർ ആയി നിയമിച്ചത്. ഇതുവരെ സീനിയർ ഗവൺമെന്റ് പ്ലീഡർ മാത്രമേ ദേവസ്വം വകുപ്പിനുണ്ടായിരുന്നുള്ളു.
എന്നാൽ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായാണ് കെ ബി പ്രദീപിനെ നിയമിച്ചിരിക്കുന്നത്. സ്പെഷൽ ഗവൺമെന്റ് പ്ലീഡർ എന്ന പദവി പ്രത്യേകമായി നൽകിയാണ് നിയമനം. ദേവസ്വം വകുപ്പിന്റെ ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടിന് ലഭിച്ചു. മൂന്ന് പ്രത്യേക സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരെയാണ് സർക്കാർ നിയമിച്ചത്. അതിൽ ഒന്നാണ് കെ ബി പ്രദീപിന്റെ നിയമനം.
2019 ൽ ദ്വാരപാലക ശിൽപത്തിൽ സ്വർണം പൂശിയ സ്മാർട്ട് ക്രിയേഷൻ കേസിൽ സംശയമുനയിലുണ്ട്. സ്വർണം പൂശാനായി ശരിയായ സാങ്കേതിക വിദ്യയല്ല സ്മാർട്ട് ക്രിയേഷൻസ് ഉപയോഗിച്ചതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. 2019ൽ പാളിയിൽ നിന്നും സ്വർണം വേർതിരിക്കാനുള്ള സാങ്കേതിക വിദ്യ സ്മാർട്ട് ക്രിയേഷൻസിന് ഉണ്ടായിരുന്നില്ല. പാളികൾ കൊണ്ടുപോയ ഉണ്ണികൃഷ്ണൻ പോറ്റി പിന്നീട് കൊണ്ടുവന്നത് ചെമ്പുപാളിയാണ്. 474.9 ഗ്രാം സ്വർണം സ്മാർട്ട് ക്രിയേഷൻസ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്നും കോടതി കേസ് പരിഗണിക്കവേ പറഞ്ഞിരുന്നു. ഈ സ്ഥാപനത്തിന്റെ അഭിഭാഷകനാണ് ദേവസ്വം വകുപ്പിന്റെ അഭിഭാഷകനായി നിയമിക്കപ്പെട്ടത്.
