പ്രിസൈഡിങ് ഓഫീസർ ഡയറി മറന്നുവെച്ചു, പാലക്കാട്ടും സ്ട്രോങ് റൂം തുറക്കാൻ നീക്കം
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നെന്മാറ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങളും അനുബന്ധ സാമഗ്രികളും സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂം ഇന്ന് തുറക്കും. പാലക്കാട് വിക്ടോറിയ കോളജിൽ സജ്ജീകരിച്ചിട്ടുള്ള സ്ട്രോങ്ങ് റൂമാണ് ഇന്ന് രാവിലെ 10 മണിക്ക് തുറക്കുന്നത്. തെരഞ്ഞെടുപ്പ് ഡയറിയും മറ്റ് ചില സുപ്രധാന മെറ്റീരിയലുകളും എടുക്കുന്നതിനാണ് മുറി തുറക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നൽകുന്ന ഔദ്യോഗിക വിശദീകരണം.
ഇക്കാര്യം വ്യക്തമാക്കി നെന്മാറയിലെ യുഡിഎഫ് സ്ഥാനാർഥി എ. തങ്കപ്പനെ ഉദ്യോഗസ്ഥർ വിവരം അറിയിച്ചിട്ടുണ്ട്. സ്ഥാനാർഥിയോ നിശ്ചയിക്കപ്പെട്ട ഏജന്റോ മുറി തുറക്കുന്ന സമയത്ത് കോളേജിൽ എത്തണമെന്നും നിർദേശമുണ്ട്. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന പ്രധാന സ്ട്രോങ്ങ് റൂമിന് പകരം, വരണാധികാരിയുടെ രേഖകൾ സൂക്ഷിച്ചിരിക്കുന്ന ഇൻ്റർമീഡിയറ്റ് സ്ട്രോങ്ങ് റൂമാണ് (റിസർവ് റൂം) തുറക്കുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം, ഈ നീക്കത്തിൽ സംശയമുണ്ടെന്ന് നെന്മാറയിലെ യുഡിഎഫ് സ്ഥാനാർഥി എ. തങ്കപ്പൻ ആരോപിച്ചു. നെന്മാറ മണ്ഡലത്തിലെ രണ്ട് ബൂത്തിൽ പോൾ ചെയ്തതിനെക്കാൾ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ് സൈറ്റിൽ കാണിക്കുന്നതായി ഇന്നലെ യുഡിഎഫ് പ്രവർത്തകർ ചൂണ്ടിക്കാണിച്ചിരുന്നു. സ്ട്രോങ് റും തുറക്കാൻ ഉള്ള തീരുമാനവും 400ൽ അധികം വോട്ടുകൾ അധികമായി രേഖപെടുത്തിയതും സംശയത്തിന് ഇടയാക്കുന്നുവെന്നും തങ്കപ്പൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം കോഴിക്കോട് പേരാമ്പ്ര മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ ജെഡിടി സ്കൂളിലെ റിസർവ് റൂം തുറന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കൃത്യമായ മുൻകൂർ നോട്ടീസ് നൽകാതെയും, ബിഎസ്എഫ് സുരക്ഷയിലുള്ള അതീവ സുരക്ഷാ മേഖലയിൽ ഉദ്യോഗസ്ഥർ പ്രവേശിച്ചതും അട്ടിമറി നീക്കമാണെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. ഏജന്റ് മറന്നുവെച്ച ഡയറി എടുക്കാനാണ് മുറി തുറന്നതെന്ന ജില്ലാ കലക്ടർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം.
സ
