കവടിയാർ കൊട്ടാരത്തിലെ സ്വർണ മോഷണത്തിൽ പൊലീസിന് നിർണായക സൂചനകൾ
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ സ്വർണ മോഷണത്തിൽ പൊലീസിന് നിർണായക സൂചനകൾ. മോഷണത്തിന് കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചെന്നാണ് നിഗമനം. അംഗങ്ങളുടെയും, ജീവനക്കാരുടെയും, സ്ഥിരം അതിഥികളുടെയും മൊഴിയെടുത്തു.
മോഷണം നടന്നതായി കണക്കാക്കുന്ന കാലയളവിലെ കൊട്ടാരത്തിലെ സന്ദർശകരുടെയുൾപ്പടെ മൊഴി രേഖപെടുത്തി. യൂട്യൂബേഴ്സിൻ്റെയും മൊഴി രേഖപെടുത്തി. കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചതായാണ് നിഗമനം. നിലവിൽ കൻ്റോൺമെന്റ് എസിക്കാണ്അന്വേഷണച്ചുമതല
കവടിയാർ കൊട്ടാരത്തിൽ നിന്ന് രണ്ട് കോടിയോളം രൂപ മൂല്യം വരുന്ന പൗരാണിക ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടതാണ് കേസ്. ശേഷിക്കുന്ന ആഭരണങ്ങൾ പൊലീസിൻ്റെ നിർദേശപ്രകാരം സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.
കൊട്ടാരത്തെക്കുറിച്ചു നല്ല ധാരണയുള്ളയാളാണ് 2-ാം നിലയിലെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിലെ ലോക്കറിൽ നിന്ന് ആഭരണം മോഷ്ടിച്ചതെന്ന് നേരത്തെ തന്നെ നിഗമനമുണ്ടായിരുന്നു. സുരക്ഷാ ജീവനക്കാരും സിസിടിവിയുമുള്ള കൊട്ടാരത്തിൽ പുറത്തു നിന്നുള്ളവർക്ക് മോഷണം എളുപ്പമല്ലെന്ന് പൊലീസ് കരുതുന്നു. ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസ് ഇന്നലെ കൊട്ടാരത്തിലെത്തി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി അടക്കം രാജകുടുംബാംഗങ്ങളുടെ മൊഴിയെടുത്തിരുന്നു. ഗൗരി ലക്ഷ്മിബായിയുടെ അലമാരയിൽ നിന്നാണ് വജ്രാഭരണങ്ങളും പുരാതന സ്വർണശേഖരവുമടക്കം നഷ്ടമായത്. 40ൽ അധികം ജീവനക്കാരും നാലു കുടുംബങ്ങളുമാണ് കൊട്ടാരത്തിലുള്ളത്.
2025 നവംബറിൽ ബെംഗളൂരുവിൽ പോകുന്നതിനു മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്ടമായത് അറിഞ്ഞതെന്ന് ഗൗരി ലക്ഷ്മിബായി പൊലീസിനോടു പറഞ്ഞു. മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ സമ്മാനിച്ചവയും നഷ്ടമായ ആഭരണങ്ങളിലുണ്ട്. കൊട്ടാരത്തിൽ വിശദ പരിശോധന നടത്തിയിട്ടും ലഭിക്കാതെ വന്നതോടെയാണ് പൊലീസ് മേധാവിക്കു പരാതി നൽകിയതെന്നും അവർ വ്യക്തമാക്കി
