Feature NewsNewsPopular NewsRecent News

ബിസിസിഐ നൽകിയ പാരിതോഷികം വീതിച്ചെടുക്കും; സഞ്ജു ഉൾപ്പെടെയുള്ള താരങ്ങൾക്ക് ലഭിക്കുക ആറ് കോടി

അഹമ്മദാബാദ്: ടി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം തവണയും കിരീടം ചൂടി ചരിത്രം കുറിച്ച ഇന്ത്യൻ ടീമിന് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു ബിസിസിഐ. വ്യക്തിഗത മികവിനേക്കാളുപരി ടീമിന്റെ ഒത്തൊരുമയ്ക്കും തയ്യാറെടുപ്പുകൾക്കുമുള്ള അംഗീകാരമാണിതെന്ന് ബിസിസിഐ ഭാരവാഹികൾ തുക പ്രഖ്യാപിച്ച സമയത്ത് വ്യക്തമാക്കി. ഓരോ അംഗത്തിന്റെയും കഠിനാധ്വാനമാണ് ഈ ചരിത്ര വിജയത്തിന് പിന്നിലെന്നും അവർ കൂട്ടിച്ചേർത്തു. ഐസിസി പ്രഖ്യാപിച്ച സമ്മാനത്തുകയുടെ അഞ്ച് ഇരട്ടി കൂടുതലായിട്ടാണ് ബിസിസിഐ ടീമിന് നൽകുന്നത്.

പ്രഖ്യാപിച്ച 131 കോടി രൂപ ടീമിലെ താരങ്ങൾക്കും പരിശീലകർക്കും സപ്പോർട്ട് സ്റ്റാഫിനും വീതിച്ചു നൽകുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ഓരോ താരത്തിനും കോച്ചിംഗ് സ്റ്റാഫിനും എത്ര ലഭിക്കുമെന്നുള്ളതിന്റെ കണക്ക് പുറത്തുവന്നിരിക്കുകയാണിപ്പോൾ. ക്യാപ്റ്റൻ സൂര്യകുമാർ യാദവും മലയാളി താരം സഞ്ജു സാംസണും ഉൾപ്പെടെയുള്ള 15 കളിക്കാർക്ക് 6 കോടി രൂപ വീതം ലഭിക്കും. ശേഷിക്കുന്ന 41 കോടി പരിശീലകർക്കും മറ്റ് സപ്പോർട് സ്റ്റാഫിനും പങ്കിട്ട് നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയക്കായി ഉടൻ ദില്ലിയിലെത്താനും ടീമിന് നിർദേശം നൽകിയിട്ടുണ്ട്.

അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ 96 പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡും ഇതോടെ ഇന്ത്യ സ്വന്തമാക്കി. ഗൗതം ഗംഭീറിന്റെ പരിശീലനത്തിന് കീഴിൽ ഇത്തവണ യുവനിരയുമായിട്ടാണ് ഇന്ത്യ എത്തിയത്. മലയാളി താരം സഞ്ജു സാംസണായിരുന്നു ടൂർണമെന്റിലെ താരം.

ഐസിസി നൽകിയത്

വിജയികളായ ഇന്ത്യക്ക് ഐസിസി 13.5 മില്യൺ ഡോളർ (ഏകദേശം 112 കോടിയിലധികം രൂപ) സമ്മാനത്തുക നൽകിയിരുന്നു. 2024 ചാമ്പ്യൻമാരായ ഇന്ത്യക്ക് 2.45 മില്യൺ ഡോളർ( ഏകദേശം 22.52 കോടി രൂപ) ആണ് ഐസിസി സമ്മാനത്തുകയായി നൽകിയതെങ്കിൽ ഇത്തവണ ഇന്ത്യക്ക് മൂന്ന് മില്യൺ ഡോളർ – (ഏകദേശം 27.48 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിച്ചത്. രണ്ടാം സ്ഥാനക്കാരായ ന്യൂസിലൻഡ് ടീമിന് 1.6 മില്യൺ ഡോളർ (ഏകദേശം 14.65 കോടി രൂപ) സമ്മാനത്തുകയായി ലഭിച്ചു. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിച്ച ടൂർണമെന്റിലെ മികച്ച സ്പോൺസർഷിപ്പ് വരുമാനമാണ് സമ്മാനത്തുക ഇത്രയധികം ഉയരാൻ കാരണമായത്.

പതറാത്ത പോരാട്ടം, ഉജ്ജ്വല വിജയം

സൂപ്പർ 8 ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും, ശക്തമായി തിരിച്ചുവന്ന ഇന്ത്യ പിന്നീട് നടന്ന മത്സരങ്ങളെല്ലാം വിജയിച്ചാണ് ഫൈനലിലെത്തിയത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ മികച്ച നേതൃപാടവം ടീമിന് കരുത്തായി. മധ്യനിരയിൽ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ ഹാർദിക് – പാണ്ഡ്യയും, നിർണ്ണായക നിമിഷങ്ങളിൽ വിക്കറ്റുകൾ വീഴ്ത്തി ബൗളിംഗ് നിരയെ നയിച്ച ജസ്പ്രീത് ബുമ്രയും ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു. യുവതാരങ്ങളായ സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരുടെ മാച്ച് വിന്നിംഗ് ഇന്നിംഗ്സുകളും, അഭിഷേക് ശർമ്മയുടെ ഭയമില്ലാത്ത ബാറ്റിംഗും ഇന്ത്യൻ ടീമിന്റെ ആധിപത്യം ഉറപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *