‘ഇന്ത്യയുമായി കളിക്കാം, പക്ഷേ’..; 3 ഡിമാൻഡുകളുമായി പാക്കിസ്ഥാൻ
ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുമായി കളിക്കാമെന്നും പക്ഷേ പകരമായി മൂന്ന് ആവശ്യങ്ങൾ സാധിച്ച് തരണമെന്നും ഐസിസിക്ക് മുന്നിൽ നിബന്ധന വച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. 15ന് നിശ്ചയിച്ചിരിക്കുന്ന മൽസരത്തിലെ പങ്കാളിത്തത്തെ കുറിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാൻ ഐസിസി രണ്ടംഗ സംഘത്തെ ഞായറാഴ്‌ച ലഹോറിലേക്ക് അയച്ചിരുന്നു. ഐസിസി ഡപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖ്വാജ, ഐസിസി അസോസിയേറ്റ് അംഗങ്ങളുടെ പ്രതിനിധിയായി മുബഷീർ ഉസാനി എന്നിവരാണ് മുഹ്സിൻ നഖ്വിയെ കണ്ടത്. ഈ കൂടിക്കാഴ്ചയിലാണ് ബഹിഷ്കരണം ഉപേക്ഷിക്കണമെങ്കിൽ മൂന്ന് ഉപാധികൾ അംഗീകരിക്കണമെന്ന് പാക്കിസ്ഥാൻ ആവശ്യപ്പെട്ടതെന്ന് ടെലികോം ഏഷ്യ റിപ്പോർട്ട് ചെയ്യുന്നു.
പാക്കിസ്ഥാന് ഐസിസി നൽകുന്ന
വാർഷിക വിഹിതം വർധിപ്പിക്കം, ഇന്ത്യ-
പാക് ഉഭയകക്ഷി ബന്ധം
പുനഃസ്ഥാപിക്കാൻ
നീക്കുപോക്കുണ്ടാക്കണം, ഹസ്‌തദാനം
ചെയ്യണം എന്നിവയാണ് പാക്കിസ്ഥാന്റെ
ആവശ്യങ്ങൾ. ക്രിക്കറ്റിൻ്റെ മൂല്യങ്ങൾ
ഉയർത്തിപ്പിടിക്കാൻ പരമ്പരാഗത
അഭിവാദ്യം ആവശ്യമാണെന്നും
ഹസ്തദാനം ഒഴിവാക്കുന്നത്
ശരിയല്ലെന്നും നഖ്വി
നിലപാടെടുത്തെന്നാണ് റിപ്പോർട്ട്.
പാക്കിസ്ഥാന് പുറമെ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ചെയർമാൻ അമിനുൾ ഇസ് ലാമും ഐസിസിക്ക് മുന്നിൽ ആവശ്യങ്ങൾ നിരത്തിയിട്ടുണ്ട്. ലോകകപ്പ് പോലെയൊരു മേജർ ഇവന്റിൽ നിന്ന് പുറത്തിരുത്തിയതിന് നഷ്ടപരിഹാരം, 2028ലെ അണ്ടർ 19 ലോകകപ്പ് വേദി എന്നിവയാണ് ബിസിബിയുടെ ആവശ്യങ്ങൾ. രണ്ട് ബോർഡുകളുടെയും ആവശ്യങ്ങൾ കേട്ട ഐസിസി പ്രതിനിധികൾ ഇക്കാര്യം ഐസിസി ബോർഡിൽ അവതരിപ്പിക്കാമെന്ന് അറിയിച്ചു.
കൊളംബോയിൽ ഇന്ത്യയ്ക്കെതിരെ കളിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സന്നദ്ധത അറിയിച്ചുവെങ്കിലും പാക് പ്രധാനമന്ത്രി കടുംപിടുത്തം തുടർന്നാൽ വീണ്ടും പ്രതിസന്ധി ഉണ്ടായേക്കുമെന്നും സൂചനകളുണ്ട്. ഇന്ന് ഷഹബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തുമെന്നും അതിന് പിന്നാലെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് നഖ്വിയുടെ പ്രതികരണം.
ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്ന
തീരുമാനം
പുനഃപരിശോധിക്കണമെന്നമെന്ന്
ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡും
പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട്
ആവശ്യപ്പെട്ടിരുന്നു.
നല്ല സുഹൃത്തായി
എക്കാലത്തും ശ്രീലങ്ക
കൂടെയുണ്ടായിരുന്നിട്ടുണ്ടെന്നും
ഇപ്പോഴത്തെ സാഹചര്യത്തിൽ
ശ്രീലങ്കയ്ക്കൊപ്പം നിൽക്കുമെന്ന്
പ്രതീക്ഷിക്കുന്നുവെന്നും 15ലെ മൽസരം
മുടക്കരുതെന്നുമായിരുന്നു ശ്രീലങ്കയുടെ
അഭ്യർഥന. ബഹിഷ്കരണ നീക്കവുമായി
മുന്നോട്ട് പോയാൽ വൻ തുക
പിഴയീടാക്കുന്നതിന് പുറമെ പിസിബിയുടെ
അംഗത്വം റദ്ദാക്കുന്നതിനെ കുറിച്ച്
ആലോചിക്കേണ്ടി വരുമെന്നും ഐസിസി
പാക്കിസ്ഥാന് മുന്നറിയിപ്പ്
നൽകിയിരുന്നു.
