ആർഎസി ടിക്കറ്റുകാരോട് മുഴുവൻ തുക വാങ്ങുന്നത് അനീതി, പകുതി തുക തിരിച്ചുനൽകണം; റെയിൽവേയോട് നിർദേശിച്ച് പാർലമെന്ററി സമിതി
ന്യൂഡൽഹി: ട്രെയിനുകളിൽ ആർഎസി ടിക്കറ്റിൽ യാത്ര ചെയ്യുന്നവരിൽ നിന്ന് മുഴുവൻ തുക ഈടാക്കുന്നത് നീതീകരിക്കാനാകുന്നതല്ലെന്ന് പാർലമെന്ററി സമിതി. ആർഎസി ടിക്കറ്റുകാർക്ക് നിശ്ചിത തുക തിരിച്ചുനൽകുന്നത് പരിഗണിക്കണമെന്ന് പാർലമെൻ്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി റെയിൽവേയോട് നിർദേശിച്ചു. കൺഫേം ടിക്കറ്റുകാർക്ക് ലഭിക്കുന്ന ബർത്ത് സൗകര്യം ആർഎസി വിഭാഗത്തിലെ യാത്രക്കാർക്ക് ലഭിക്കുന്നില്ലെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഒരു ബർത്ത് രണ്ട് യാത്രക്കാർ പങ്കിടുന്ന രീതിയാണ് ആർഎസി (റിസർവേഷൻ എഗയിൻസ്റ്റ് കാൻസലേഷൻ). അതിനാൽ, രണ്ട് യാത്രക്കാർ ഒരു ബർത്തിൽ ഇരുന്ന് യാത്രചെയ്യേണ്ടിവരും. എന്നാൽ, കൺഫേം ടിക്കറ്റിൻ്റെ അതേ നിരക്ക് നൽകുകയും വേണം. ആർഎസി യാത്രക്കാരോട് മുഴുവൻ തുക വാങ്ങുന്നത് അനീതിയാണെന്ന് ട്രെയിൻ യാത്രികർ കാലങ്ങളായി ചൂണ്ടിക്കാട്ടുന്ന വിഷയമാണ്. ആർഎസി വിഭാഗത്തിലേക്ക് മാറ്റപ്പെടുന്ന യാത്രക്കാർക്ക് നിശ്ചിത തുക തിരികെ നൽകുന്ന സംവിധാനം റെയിൽവേ നടപ്പാക്കണമെന്നാണ് പാർലമെന്ററി സമിതി നിർദേശിച്ചിരിക്കുന്നത്.
സൂപ്പർഫാസ്റ്റ് ട്രെയിനുകളുടെ വേഗതാ മാനദണ്ഡത്തിൽ മാറ്റം വേണമെന്നും സമിതി നിർദേശിച്ചു. നിലവിൽ മണിക്കൂറിൽ കുറഞ്ഞത് 55 കിലോമീറ്റർ എന്നതാണ് സൂപ്പർഫാസ്റ്റ് ട്രെയിനിന്റെ വേഗക്രമം. ഇത് പുതിയകാലത്തിന് ചേർന്നതല്ല. 2007 മുതൽ വേഗതാ മാനദണ്ഡത്തിൽ മാറ്റം വരുത്തിയിട്ടില്ല. ആഗോള മാനദണ്ഡമനുസരിച്ച് സൂപ്പർ ഫാസ്റ്റിന്റെ വേഗത പുനഃക്രമീകരിക്കണമെന്നും സമിതി നിർദേശിച്ചു.
