വിദേശ യാത്രകൾക്ക് കേന്ദ്രം സെസ് ഏർപ്പെടുത്തുമോ? റിപ്പോർട്ട് തള്ളി പ്രധാനമന്ത്രി
ദില്ലി: വിദേശ യാത്രകൾക്ക് സർക്കാർ സെസ് ഏർപ്പെടുത്തും എന്ന റിപ്പോർട്ട് തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. അത്തരം റിപ്പോർട്ടുകളിൽ സത്യത്തിന്റെ കണിക പോലും ഇല്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വിദേശ യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് സർക്കാരിൻ്റെ പരിഗണനയിൽ ഇല്ല. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന നടപടികൾ സ്വീകരിക്കാൻ സർക്കാർ എന്നും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം സാമൂഹിക മാധ്യമമായ എക്‌സിൽ പ്രതികരിച്ചു.
വിദേശയാത്രകൾക്ക് സെസ്സോ അല്ലെങ്കിൽ സർചാർജ്ജോ ചുമത്തുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്ന സിഎൻബിസി യുടെ റിപ്പോർട്ട് പങ്കുവച്ചാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. അപൂർവ്വമായി മാത്രമേ മാധ്യമ റിപ്പോർട്ടുകളോട് പ്രധാനമന്ത്രി നേരിട്ട് പ്രതികരിക്കാറുള്ളൂ. വാർത്തയിൽ ഒട്ടും തന്നെ സത്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിഷേധത്തിന് പിന്നാലെ, വാർത്ത തിരുത്തി സിഎൻബിസി ക്ഷമാപണം നടത്തി. വാർത്ത പിൻവലിക്കുന്നുവെന്നും തെറ്റായ വാർത്ത നൽകിയതിൽ ഖേദിക്കുന്നുവെന്നും അവർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
