Event More NewsFeature NewsNewsPoliticsPopular News

വയനാട് ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ: ആശങ്കയറിയിച്ച് ദുരന്തബാധിതർ

കൽപ്പറ്റ: വയനാട് ടൗൺഷിപ്പിൽ നിർമാണം അവസാനഘട്ടത്തിൽ എത്തിനിൽക്കുന്ന വീടുകളിൽ വിള്ളൽ കണ്ടെത്തിയത് ദുരന്തബാധിതരെ ആശങ്കയിലാഴ്ത്തുന്നു. ആദ്യഘട്ടത്തിൽ കൈമാറുന്ന 178 വീടുകളിൽ രണ്ട് വീടുകൾക്കാണ് നിലവിൽ വിള്ളൽ ദൃശ്യമായിരിക്കുന്നത്. ഇതോടെ ഈ മാസവും ടൗൺഷിപ്പ് താമസയോഗ്യമാകില്ലെന്നാണ് ലഭിക്കുന്ന വിവരം. തനിക്ക് ലഭിച്ച വീടിന്റെ മേൽക്കൂരയിൽ വിള്ളലുണ്ടെന്നും മഴ പെയ്തപ്പോൾ വെള്ളം ചോർന്നിറങ്ങിയെന്നും ചൂരൽമല സ്വദേശിയായ നൗഫൽ പരാതിപ്പെട്ടു. കൈമാറിയ ഭൂരിഭാഗം വീടുകളും നിലവിൽ താമസയോഗ്യമല്ലെന്ന വിമർശനവും ഉയരുന്നുണ്ട്. 178 വീടുകളെങ്കിലും എത്രയും വേഗം പൂർത്തീകരിച്ച് നൽകണമെന്നാണ് ദുരന്തബാധിതരുടെ ആവശ്യം. നിർമാണത്തിലെ അപാകതകളും താമസമുണ്ടാകുന്നതും ചർച്ച ചെയ്യാൻ വയനാട് ജില്ലാ കളക്ടർ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. നിർമാണച്ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റി അധികൃതർ യോഗത്തിൽ പങ്കെടുക്കും. ഗുണനിലവാര പരിശോധന പൂർത്തിയാക്കാൻ കാലതാമസമുണ്ടെന്നും ചോർച്ച കണ്ടെത്തിയിടങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തുമെന്നുമാണ് ഊരാളുങ്കൽ നൽകുന്ന വിശദീകരണം. പണികൾ പൂർത്തിയാക്കാൻ മൂന്നാഴ്ച കൂടി സമയം നീട്ടി ചോദിക്കാനിരിക്കുന്ന അധികൃതർ, അടുത്ത മാസം 20-ഓടെ എല്ലാ പ്രവൃത്തികളും തീർക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, ദുരന്തബാധിതരുടെ ഈ മാസത്തെ ദിനബത്തയും ഭക്ഷ്യകൂപ്പണും മുടങ്ങിയത് പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ വ്യക്തമാക്കി. മാർച്ച് ഒന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടനവും പട്ടയവിതരണവും നിർവഹിച്ചത്

Leave a Reply

Your email address will not be published. Required fields are marked *