വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് ഒരു കോടി രൂപയുടെ നഷ്ടപരിഹാരം അനുവദിച്ച് മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ
വയനാട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന് 89,50,685 രൂപയും, കോടതി ചിലവും, പലിശയും ഉൾപ്പെടെ ഒരു കോടി രൂപയോളം നഷ്ടപരിഹാരം നൽകാൻ വയനാട് ജില്ലാ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവിട്ടു. മലപ്പുറം താനൂർ സ്വദേശിയായ ഷഹൽ ഷൗക്കത്തിന് 23 വയസ്സുള്ളപ്പോഴാണ് അപകടത്തിൽ പരിക്കേറ്റത്. 2024 മേയ് 20നാണ് കേസിനാസ്‌പദമായ അപകടം നടന്നത്. വയനാട് ജില്ലയിലെ അമ്പലവയലിൽ വെച്ച് യുവാവ് സഞ്ചരിച്ച സ്കൂട്ടറിൽ എതിർദിശയിൽ നിന്ന് അമിതവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് ദീർഘകാലം ചികിത്സയിലായിരുന്നു. ഇപ്പോഴും ചികിത്സ തുടരുകയാണ്.അപകടത്തെത്തുടർന്നുണ്ടായ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ, സാമ്പത്തിക നഷ്ടം, ഭാവിജീവിതത്തിലുണ്ടായേക്കാവുന്ന പ്രയാസങ്ങൾ എന്നിവ പരിഗണിച്ചാണ് നഷ്ടപരിഹാരം അനുവദിച്ചത്. വയനാട് എം.എ.സി.ടി. ജഡ്‌ജി എ.വി. ഉണ്ണികൃഷ്ണനാണ് വിധി പ്രസ്താവിച്ചത്.ഹർജിക്കാരനുവേണ്ടി അഡ്വ. വി.പി. പ്രമോദ് (കൽപ്പറ്റ) ഹാജരായി.
