കാട്ടിക്കുളം-തോൽപ്പെട്ടി റൂട്ടിൽ വാഹന തടയൽ: വനം വകുപ്പിനെതിരെ വ്യാപാരികളുടെ പ്രതിഷേധം;രാത്രി യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് യാത്രക്കാരെയും വ്യാപാരികളെയുംദുരിതത്തിലാക്കുന്നു; അടിയന്തര ഇടപെടൽ വേണമെന്ന് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ
മാനന്തവാടി: കാട്ടിക്കുളം തോൽപ്പെട്ടി റൂട്ടിൽ രാത്രി ഒൻപത് മണിക്ക് ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ വാഹനങ്ങൾ തടയുന്ന നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ രംഗത്ത്. തോൽപ്പെട്ടിയിലേക്ക് പോകുന്ന പ്രദേശവാസികളെയും വിനോദസഞ്ചാരികളെയും തടയുന്ന നടപടി യാത്രക്കാർക്ക് ദുരിതമുണ്ടാക്കുന്നതിനൊപ്പം മേഖലയിലെ വ്യാപാര, ഹോട്ടൽ, റിസോർട്ട് മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്ന് അസോസിയേഷൻ ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രി തോൽപ്പെട്ടിയിലേക്ക് ഭക്ഷണം കഴിക്കാൻ പോയ കുട്ടികളും സ്ത്രീകളും അടങ്ങുന്ന ഒരു കുടുംബത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി തിരിച്ചയച്ചതായി പരാതി ലഭിച്ചതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഭക്ഷണം കഴിക്കാനും മറ്റ് അത്യാവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്നവരെ ഇത്തരത്തിൽ തടയുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി.
മൈസൂർ ഭാഗത്തേക്ക് യാത്ര ചെയ്യാൻ നിലവിലുള്ള നിയന്ത്രണങ്ങൾക്കിടയിൽ ജനങ്ങൾക്ക് ആശ്രയിക്കാവുന്ന പ്രധാന ബദൽ പാതയാണ് കാട്ടിക്കുളം-തോൽപ്പെട്ടി റോഡെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ബാവലി, മുത്തങ്ങ വഴികളിൽ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ റോഡിലും അനാവശ്യ തടസ്സങ്ങൾ സൃഷ്ടിക്കുന്നത് യാത്രക്കാരുടെ ദുരിതം വർധിപ്പിക്കുകയാണ്.
മൈസൂരിലേക്ക് പോകുന്ന വാഹനങ്ങൾക്ക് യാത്ര അനുവദിക്കുകയും തോൽപ്പെട്ടിയിലേക്ക് പോകുന്നവരെ തടയുകയും ചെയ്യുന്നതിന്റെ നിയമപരമായ അടിസ്ഥാനമെന്താണെന്ന് വനം വകുപ്പ് വ്യക്തമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. തോൽപ്പെട്ടി പ്രധാന വിനോദസഞ്ചാര കേന്ദ്രമായതിനാൽ അവിടത്തെ ഹോട്ടലുകൾ, റിസോർട്ടുകൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവയെ ആശ്രയിച്ച് നിരവധി കുടുംബങ്ങളാണ് ഉപജീവനം നടത്തുന്നത്. രാത്രികാല യാത്രകൾക്ക് തടസ്സം സൃഷ്ടിക്കുന്നത് ഈ മേഖലയിലെ വ്യാപാര പ്രവർത്തനങ്ങളെയും തൊഴിൽ സാധ്യതകളെയും ബാധിക്കുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
കാട്ടിക്കുളം-തോൽപ്പെട്ടി റൂട്ടിലെ അനാവശ്യ വാഹന തടയൽ ഉടൻ അവസാനിപ്പിക്കുക, മൈസൂരിലേക്ക് പോകുന്ന വാഹനങ്ങൾക്ക് നൽകുന്നതുപോലെ തോൽപ്പെട്ടിയിലേക്ക് പോകുന്ന പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും നിയമാനുസൃതമായി തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കുക, വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച് വ്യക്തമായ നിർദേശങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
വിഷയത്തിൽ ജില്ലാ ഭരണകൂടവും വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണം. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
അസോസിയേഷൻ പ്രസിഡൻ്റ് കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. പി.വി. മഹേഷ്, എൻ.പി. ഷിബി, എം.വി. സുരേന്ദ്രൻ, എൻ.വി. അനിൽകുമാർ, കെ.എക്സ്. ജോർജ്, സി.കെ. സുജിത്ത്കുമാർ, എം.കെ. ശിഹാബുദ്ദീൻ, ഇ.എ. നാസിർ, കെ. ഷാനു. ജോൺസൺ ജോൺ, എം. ബഷീർ എന്നിവർ പ്രസംഗിച്ചു
