ബസ് ബേ നിർമാണം വേഗത്തിലാക്കണം: കേരള കോൺഗ്രസ് (എം) കർഷക യൂണിയൻ
മാനന്തവാടി: മാനന്തവാടിയിലെ ബസ് ബേയുടെ നിർമാണ പ്രവൃത്തി വേഗത്തിലാക്കണമെന്ന് കേരള കോൺഗ്രസ് (എം) കർഷക യൂണിയൻ മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ബസ് ബേ നിർമിക്കാൻ ബസ് സ്റ്റാൻഡ് പൊളിച്ചെങ്കിലും പുതിയത് നിർമിക്കുന്ന പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയാണ്. പഴയ ബസ് സ്റ്റാൻഡ് പൂർണമായി പൊളിച്ചു മാറ്റിയിട്ട് ആഴ്ചകൾ പിന്നിട്ടിട്ടിട്ടും പുതിയ ബസ് ബേ നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഒന്നുമായില്ല. ബസ് സ്റ്റാൻഡ് പരിസരത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം പോലുമില്ലാതെ ജനം പ്രയാസപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ആയിരക്കണക്കിനു യാത്രക്കാർ ദിനംപ്രതി കടന്നുപോകുന്ന പോകുന്ന മാനന്തവാടിയിൽ ആധുനികരീതിയിലുള്ള ബസ് ബേ ഉടൻ നിർമിക്കണം. ടൗണിലെ മാഞ്ഞുപോയ സീബ്രാവരകൾ പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് (എം) അസി. ചെയർമാൻ കെ.ജെ. ദേവസ്യ യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് ജോൺ വാഴപ്ലാങ്കുടിയിൽ അധ്യക്ഷത വഹിച്ചു. ജോസഫ് മാണിശ്ശേരി, റെജി ഓലിക്കരോട്ട്, ജോസ് കാവുംപറമ്പിൽ, ജോർജ് നെല്ലിക്കാട്ട്, സണ്ണി കാഞ്ഞിരംകുഴിയിൽ, ഡെന്നി ആര്യപ്പള്ളി, പി.ജെ. കാതറിൻ എന്നിവർ സംസാരിച്ചു.
