Event More NewsFeature NewsNewsPoliticsPopular NewsRecent News

കാപ്പി കൃഷി വ്യാപനത്തിനു വിപുലമായ പദ്ധതി

കൽപറ്റ: ജില്ലയിൽ കാപ്പി കൃഷി വ്യാപനത്തിനു വിപുലമായ പദ്ധതിയുമായി കോഫി ബോർഡും സംസ്‌ഥാന സർക്കാരും. കൃഷി വകുപ്പിൻ്റെ കേര പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കാനാണു ലക്ഷ്യമിടുന്നത്. ഇതിനായി ഒക്ടോബർ 1നു നടക്കുന്ന രാജ്യാന്തര കാപ്പി ദിനാചരണത്തോടെ വിശദമായ മാസ്‌റ്റർ പ്ലാൻ തയാറാക്കും.

നിലവിൽ വയനാട്ടിൽ 75,000 ൽ അധികം കാപ്പി കർഷകർ ആണ് ഉള്ളത്. 65,000 ഹെക്ടർ സ്‌ഥലത്ത് കാപ്പി കൃഷി ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാപ്പി ഉൽപാദനം വയനാട്ടിൽ ആണെങ്കിലും പ്രതികൂല കാലാവസ്‌ഥ ചില വർഷങ്ങളിൽ ഉൽപാദന കുറവിനു കാരണമാകുന്നുണ്ടെന്നു കോഫി ബോർഡ് അധികൃതർ പറയുന്നു. നിലവിലെ ഉൽപാദനം ഇരട്ടിയാക്കുന്നതിനും കൃഷി ചെയ്‌ത സ്‌ഥലത്തിൻ്റെ വിസ്തൃതി വർധിപ്പിക്കുന്നതിനും വിവിധ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കുന്നത്.

സംസ്‌ഥാന കൃഷി വകുപ്പ്, കോഫി ബോർഡ്, ലോക ബാങ്ക് സഹായത്തോടെയുള്ള കേര പദ്ധതി, നബാർഡ് എന്നിവയുടെ സഹായത്തോടെ അടുത്ത 10 വർഷത്തേക്കു കാപ്പി കൃഷി മേഖലയിൽ നടപ്പിലാക്കേണ്ട പദ്ധതികളാണ് ആവിഷ്ക്കരിക്കുക. രാജ്യാന്തര കാപ്പി ദിനാചരണത്തിൻ്റെ ഭാഗമായി ജില്ലയിൽ വിപുലമായ പരിപാടികൾ നടത്തും. ഈ മാസം 29 ന് മാനന്തവാടിയിലും 30 ന് ബത്തേരിയിലും ഒക്ടോബർ 1 നു കൽപറ്റയിലും പരിപാടികൾ നടത്തും. ഇതിനോട് അനുബന്ധിച്ച് അടുത്ത 10 വർഷത്തേക്കുള്ള പദ്ധതികളും ചർച്ചയിലൂടെ തീരുമാനിക്കും. പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി മന്ത്രി ടി.സിദ്ദീഖിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തി. കൃഷി വകുപ്പ്, കേര പദ്ധതി, കോഫി ബോർഡ് ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുത്തു. വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷൻ, കേരള എഫ്‌പിഒ കൺസോർഷ്യം തുടങ്ങിയവയുടെ പ്രതിനിധികളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *