മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തി ഉടൻ പൂർത്തിയാക്കണം: ഐ.എൻ.ടി.യു.സി.
മാനന്തവാടി: മാനന്തവാടി ടൗണിലൂടെ കടന്നുപോകുന്ന പ്രധാന പാതയായ മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തി വർഷങ്ങളായി ഇഴഞ്ഞു നീങ്ങുന്നതിൽ മോട്ടോർ തൊഴിലാളി കോൺഗ്രസ് ഐ.എൻ.ടി.യു.സി താലൂക്ക് കൺവെൻഷൻ പ്രതിഷേധം രേഖപ്പെടുത്തി. ആയിരക്കണക്കിന് വാഹനങ്ങൾ നിത്യേന ഉപയോഗിക്കുന്ന പ്രധാന റോഡിൻ്റെ നിർമ്മാണം ഊരാളിങ്കൽ സൊസൈറ്റി ഏറ്റെടുത്തിട്ട് വർഷങ്ങളായെങ്കിലും ഇതുവരെ പൂർത്തീകരിക്കാത്തത് ജനങ്ങൾക്കും തൊഴിലാളികൾക്കും ചെറുകിട കച്ചവടക്കാർക്കും വലിയതോതിലുള്ള പ്രയാസങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നതതെന്ന് ഐ.എൻ.ടി.യു.സിയുടെ ദേശീയ വർക്കിംഗ് കമ്മിറ്റി മെമ്പർ ടി.എ.റെജി കുറ്റപ്പെടുത്തി.പാതയോരങ്ങളിലെ കാടുകൾ വെട്ടി നീക്കി റോഡിന്റെ അറ്റകുറ്റപ്പണികൾ യഥാസമയം പൂർത്തീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നും ഓട്ടോറിക്ഷകളുടെ ചാർജ് വർദ്ധനവ് നടപ്പാക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.താലൂക്ക് പ്രസിഡണ്ട് എം.പി.ശശികുമാർ അധ്യക്ഷത വഹിച്ചു. ടി.ജെ.രാജേഷ്,ടി.ബാബു,സാൽവി ജോസ്,കെ.ജെ.ജോയ്,എസ്.സജീവൻ, റഹീം തൃശ്ശിലേരി പ്രസംഗിച്ചു.
