അനധികൃത ഈട്ടിമുറി: മുൻ ചീഫ് സെക്രട്ടറിക്കും വയനാട് കളക്ടറുമടക്കം ഏഴു പേർക്ക് വക്കീൽ നോട്ടീസ്
കൽപ്പറ്റ: വയനാട്ടിലെ തൃക്കപ്പൈറ്റ വില്ലേജിൽപ്പെട്ട നത്തംകുനിയിൽ റവന്യു പട്ടയഭൂമിയിൽനിന്നു അനധികൃതമായി ഈട്ടി മുറിച്ചതിന് കേരള ലാൻഡ് കൺസർവൻസി നിയമപ്രകാരം ഭൂവടമയ്ക്ക് ചുമത്തിയ പിഴ ഈടാക്കാത്തതിനെതിരേ അഭിഭാഷകൻ ഹൈക്കോടതിയെ സമീപിക്കുന്നു. ജില്ലാ മുൻ ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ജോസഫ് മാത്യുവാണ് ഹൈക്കോടതിയിലേക്ക്. ഇതിനു മുന്നോടിയായി അദ്ദേഹം മുൻ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക്, വയനാട് കളക്‌ടറായിരുന്ന ഡോ.അദീല അബ്‌ദുള്ള, നിലവിലെ ജില്ലാ കളക്ടർ, വൈത്തിരി തഹസിൽദാർ, തൃക്കൈപ്പറ്റ വില്ലേജ് ഓഫീസർ, ഭൂവുടമ അരീക്കര സുഹറ, ഭർത്താവ് ഷെരീഫ് എന്നിവർക്ക് കോഴിക്കോട് ബാറിലെ അഡ്വ.പി.ടി. രാജേഷ് മുഖേന നോട്ടീസ് അയച്ചു.
ഭൂവുടമ പിഴ അടിയന്തരമായി അടച്ചില്ലെങ്കിൽ പൊതുഖജനാവിന് നേരിട്ട നഷ്ടം ഏഴ് പേരിൽനിന്നു വസൂലാക്കുന്നതിന് ഉത്തരവ് തേടി ഹൈക്കോടതിയെ സമീപിക്കുമെന്ന് നോട്ടീസിൽ പറയുന്നു.
തൃക്കൈപ്പറ്റ വില്ലേജിൽ ബ്ലോക്ക് നമ്പർ 29ൽ സർവേ നമ്പർ 59/1ൽപ്പെട്ട ഭൂമിയിലെ റിസർവ് മരമാണ് 2020 ഡിസംബറിൽ മുറിച്ചത്. ഇതിൻ്റെ പേരിൽ 2021 ജനുവരി 11ന് കെഎൽസി നിയമപ്രകാരം ഭൂവുടയക്കെതിരേ കേസെടുത്ത റവന്യു അധികാരികൾ വൈകാതെ തടികൾ കസ്റ്റഡിയിലെടുത്തു. വനം വകുപ്പ് കണക്കാക്കിയ മരവിലയായ 12,42,472 രൂപയുടെ മൂന്നിരട്ടി37,27,416 രൂപ കെഎൽസി നിയമപ്രകാരം പിഴ ചുമത്തി. തുടർന്ന് നോട്ടീസ് നൽകിയെങ്കിലും സ്ഥലം ഉടമ പിഴ ഒടുക്കിയില്ല.
പിഴ വസൂൽ ചെയ്യാത്തതിനെതിരേ മേപ്പാടി കോട്ടപ്പടി
പോത്തമ്പാടം പി.കെ. മുരളീധരൻ ജില്ലാ കളക്ടർക്ക് 2025 നവംബർ 26ന് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിനുപിന്നാലെ പിഴ ഏഴ് ദിവസത്തിനകം ഈടാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ 2025 ഡിസംബർ ഒമ്പതിന് വൈത്തിരി തഹസിൽദാർക്ക് നിർദേശം നൽകിയെങ്കിലും തുടർ നടപടികൾ മന്ദഗതിയിലാണ്. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനമെന്ന് അഡ്വ.ജോസഫ് മാത്യു പറഞ്ഞു. ഉദ്യോഗസ്ഥതലത്തിലെ ഒത്തുകളിയാണ് പിഴ ഈടാക്കാത്തതിന് പിന്നിലെന്ന് സംശയത്തിലാണ് അഡ്വ.ജോസഫ് മാത്യു. ഡോ.ജയതിലകിന്റെയും
വയനാട് കളക്ടടറായിരുന്ന ഡോ.അദീല
അബ്ദുള്ളയുടെയും ഒത്താശയോടെയാണ് നത്തംകുനിയിൽ മരംമുറി നടന്നതെന്ന് അദ്ദേഹം നേരത്തേ ആരോപിച്ചിരുന്നു. ഡോ.എ. ജയതിലക് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കേ 2020 ഒക്ടോബർ 24ന് ഇറക്കിയതും നിയമപരമായി നിൽനിൽപ് ഇല്ലാതിരുന്നതുമായ ഉത്തരവിന്റെ മറവിലാണ് കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ
റവന്യു പട്ടയ ഭൂമികളിൽ ഈട്ടി, തേക്ക് മുറി നടന്നത്. ഇതിൽ മുട്ടിൽ സൗത്ത് വില്ലേജിലെ ഈട്ടിമുറി വിവാദമായിരുന്നു
