കാട്ടാനശല്യം: എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
മാനന്തവാടി: തൃശിലേരി മുത്തുമാരിയില്‍ കാട്ടാന വീടും ശുചിമുറിയും തകര്‍ത്തതിനെത്തുടര്‍ന്ന് പ്രദേശവാസികളിലുണ്ടായ ആശങ്ക പരിഹരിക്കാന്‍ ഉഷ വിജയന് എംഎല്‍എയുടെ അധ്യക്ഷതയില്‍ നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ എമര്‍ജന്‍സി ഓപ്പറേഷന് സെന്ററില്‍ യോഗം ചേര്‍ന്നു. ആനയുടെ ആക്രമണത്തില്‍ വാസയോഗ്യമല്ലാതായ വീടിന്റെ പുനര്‍നിര്‍മാണം, വന്യമൃഗശല്യ പ്രതിരോധം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. പഞ്ചായത്ത് എക്സിക്യുട്ടീവ് എന്‍ജിനിയറുടെ നേതൃത്വത്തില്‍ നാശനഷ്ടങ്ങള്‍ അടിയന്തരമായി വിലയിരുത്താനും പുതിയ വീട് നിര്‍മിച്ചു നല്‍കാനും നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. പ്രദേശത്തെ പ്രതിരോധവേലി നിര്‍മാണം എത്രയും വേഗം പുനരാരംഭിക്കാനും കാവല്ക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് എംഎല്‍എ വ്യക്തമാക്കി. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു ബാലന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. സിജിത്ത്, വാര്‍ഡ് അംഗം ലിസി ജയിംസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. ബേബി, ടി. വസന്ത കൃഷ്ണന്, ബേഗൂര്‍ ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ എസ്. കണ്ണന്, തൃശിലേരി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ.യു. മണികണ്ഠന്, പൊതുപ്രവര്‍ത്തകരായ കെ. സക്കീര്‍, റീന ജോര്‍ജ്, കെ.വി. വസന്തകുമാരി എന്നിവര്‍ പങ്കെടുത്തു
