വയനാടിന് പുതിയ രാഷ്ട്രീയ സംസ്കാരം അഭികാമ്യം: മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി
കൽപറ്റ: കേരളത്തിലെ മറ്റ് ഇതര ജില്ലകളെ അപേക്ഷിച്ച് വയനാടിന്റെ വികസന മുരടിപ്പിന് കാരണക്കാരാകുന്നത് ഇവിടുത്തെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ പിടിപ്പുകേടും നീതിയുക്തമായി തീരുമാനമെടുക്കുവാനുള്ള കഴിവില്ലായ്മയുമാണെന്ന് വയനാട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി യോഗം വിലയിരുത്തി. തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തിൽ വോട്ട് ചെയ്ത് അധികാരത്തിലേറ്റിയ ഇവിടുത്തെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ പ്രധാനമായത് ജില്ലാ മെഡിക്കൽ കോളേജ് ചന്ദ്രപ്രഭ ട്രസ്റ്റ് ദാനമായി സർക്കാരിന് നൽകിയ മടക്കി മലയിലെ 50 ഏക്കർ ഭൂമിയിലേക്ക് മാറ്റപ്പെടും എന്നായിരുന്നു. എന്നാൽ ഇന്ന് ഈ വിഷയത്തിൽ വയനാട്ടിലെ മന്ത്രി അടക്കമുള്ള ജനപ്രതിനിധികൾ കൃത്യതയും സ്ഥിരതയും ഇല്ലാത്ത നിലപാടുകൾ എടുത്ത് ഒളിച്ചുകളി നടത്തുകയാണ്. ഇത് ജനങ്ങൾ നോക്കി കാണുന്നു. ജില്ലയുടെ ഭൂപടത്തെയും സാധാരണ ജനങ്ങളെയും അറിയുന്ന രാഷ്ട്രീയ നേതാക്കൾ നമുക്ക് ഇല്ലാതായി. അടിയന്തര പ്രാധാന്യമുള്ള വയനാടിന്റെ വികസന കാര്യങ്ങൾക്ക് പരിഹാരമുയർത്തേണ്ട മുഖ്യ രാഷ്ട്രീയ പാർട്ടികളുടെ നിലപാട് ചിതൽപുറ്റുകൾക്ക് സമാനമായി. ഈ ഒരു സാഹചര്യത്തിൽ പുതിയ രാഷ്ട്രീയ സംസ്കാരം ഉയർത്തിക്കാട്ടേണ്ടത് ഇവിടുത്തെ സാംസ്കാരിക നായകരും മനുഷ്യാവകാശ പ്രവർത്തകരും യുവ നേതൃത്വവും ആണ്. ഈ ആവശ്യങ്ങൾക്കായി സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റിയുടെ പ്രക്ഷോഭ പരിപാടികൾ കൂടുതൽ ശക്തിപ്പെടുത്താൻ കൽപറ്റ വ്യാപാര ഭവനിൽ ചേർന്ന് യോഗത്തിൽ തീരുമാനമെടുത്തു. പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ജൂലൈ 25 ന് നിർദ്ദിഷ്ട മടക്കിമലയിൽ സർക്കാർ മുൻപ് സ്ഥാപിച്ചിരുന്ന മെഡിക്കൽ കോളേജിന്റെ ബോർഡ് പുനസ്ഥാപിക്കുകയും ചെയ്യും. തുടർന്ന് ജൂലൈ 29ന് ജില്ലാ ഭരണ സിരാകേന്ദ്രത്തിൽ ബഹുജന മാർച്ചും ധർണയും നടത്തും. ഈ ആവശ്യം ഉന്നയിച്ചു മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റിയിലെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ വനിതാ പ്രതിനിധികൾ കയ്യൊപ്പ് ചാർത്തിയ സാരി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് മുഖ്യമന്ത്രിക്ക് അയച്ചു.
മടക്കി മലയിലെ ഭൂമിക്ക് പകരമായി മെഡിക്കൽ കോളേജിനായി ഭൂമി കണ്ടെത്താനുള്ള ഓട്ടത്തിനൊടുവിൽ കണ്ടെത്തിയ കെ എസ് ഇ ബിയുടെ കൈവശത്തിൽ കുഴിനിലത്തുള്ള 21 ഏക്കർ ഭൂമിയിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനുള്ള നീക്കം ചെറുക്കും. ഈ ഭൂമിയിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്ന പക്ഷം വൈത്തിരി ബത്തേരി താലൂക്കുകളിൽ ഉള്ള ജനങ്ങൾക്ക് ആശുപത്രി കൂടുതൽ അപ്രാപ്യമാകും. കെ എസ് ഇ ബിയുടെ കൈവശത്തിലുള്ള ഭൂമിയിൽ അഞ്ചേക്കർ സ്ഥലത്ത് നിലവിൽ 5 ജില്ലകൾക്കുള്ള ഇലക്ട്രിക് പോസ്റ്റുകൾ നിർമ്മിക്കുന്ന യൂണിറ്റും 9 ഏക്കർ സ്ഥലത്ത് സോളാർ വൈദ്യുതി പാടവും ആണ്. ബാക്കി ഭൂമി ചതുപ്പ് നിലവും ചെങ്കുത്തായ മലഞ്ചെരിവുമാണ്. ഇവിടെ യാതൊരു തരത്തിലുള്ള നിർമ്മാണ പ്രവർത്തനവും റോഡ് പോലും ഈ സ്ഥലത്തേക്ക് സാധ്യമല്ല. മാത്രമല്ല ഈ ഭൂമി അതീവ പരിസ്ഥിതി ലോലമായതും നിർമ്മാണത്തിന് സാങ്കേതികവും നിയമപരവും പാരിസ്ഥിതികവുമായ തടസ്സങ്ങൾ ഉള്ളതുമാണ്. ഈ ഭൂമി ഒരു കാരണവശാലും വിട്ടുകൊടുക്കാൻ പാടില്ലാത്തതുമാണ്. പ്രാദേശിക വാദം വെടിഞ്ഞ് പകരം ഭൂമിക്ക് വേണ്ടിയുള്ള അലച്ചിൽ അവസാനിപ്പിച്ചു വയനാട്ടിലെ എല്ലാ ഭാഗത്തുനിന്നും ഉള്ള ജനങ്ങൾക്കും ഒരുപോലെ പ്രയോജനകരമാകുന്ന വിധത്തിൽ മെഡിക്കൽ കോളേജ് മടക്കി മലയിൽ ഉടൻ നിർമ്മാണം ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എസ് എച്ച് ആർ പി സി ജില്ലാ പ്രസിഡൻ്റ് കെ എൻ പ്രേമലത അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ വി ഗോകുൽദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. വി പി എൽദോ, ഫിലിപ്പ് കുട്ടി, അഡ്വ. ബാബു സിറിയക്, ചെയർമാൻ ഡോ. എം ബാലകൃഷ്ണൻ, റോയ് സെബാസ്റ്റ്യൻ, രാമചന്ദ്രൻ മൂലങ്കാവ്, സുജാത കോട്ട വയൽ, വസന്തകുമാരി പനമരം, രാമകൃഷ്ണൻ ഇടഗുനി, കെ കെ എസ് നായർ, അബ്ദുൽ ഖാദർ മടക്കിമല എന്നിവർ സംസാരിച്ചു. വാസുദേവൻ മടക്കിമല നന്ദി പ്രസംഗം നടത്തി
