തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന
തവിഞ്ഞാൽ: വയനാട് ഗവ.എഞ്ചിനിയറിങ്ങ് കോളേജിൽ ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മന്ത്രി ടി.സിദിഖിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനത്തിൻ്റെയും, തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെയും നിർദ്ദേശപ്രകാരം ഭക്ഷണ വിതരണ സ്ഥാപനങ്ങളിൽ കർശന പരിശോധനനടത്തി. രാവിലെ 5 മണിക്ക് പരിശോധന ആരംഭിച്ചു. തലപ്പുഴ ടൗൺ, ഗവ.എഞ്ചിനീയറിംഗ് കോളേജ് പ്രദേശം, 43, ബോയ്‌സ് ടൗൺ, എന്നിവിടങ്ങളിലെ ഹോട്ടലുകൾ ബേക്കറികൾ, ഹോസ്റ്റലുകൾഎന്നിവിടങ്ങളിൽ പരിശോധന നടത്തി. കോമാച്ചി പാർക്ക് പരിസരത്തെ താജ് ഹോട്ടലിലും, 43 ലെ താജ് ഹോട്ടലിലും നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്‌തുക്കൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.
ബോയ്‌സ് ടൗണിലെ ബോയ്‌സ് ടൗൺ തട്ടുകട, തലപ്പുഴയിലെ 2020 ടീ ഷോപ്പ്, ചുങ്കത്തെ വനിത മെസ് എന്നിവിടങ്ങളിൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ പാകം ചെയ്‌തതായും, ഗവണ്മെന്റ്റ് നിഷ്കർഷിച്ചിരിക്കുന്ന ഹെൽത്ത് കാർഡ് ഇല്ലായ്‌മ, പരിസരശുചിത്വമില്ലായ്‌മ എന്നിവയും കണ്ടെത്തിയതിനാൽ നോട്ടീസ് നൽകി.
പരിശോധനക്ക് പേരിയ സാമൂഹികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്‌ടർ സുരേഷ് വി പി നേതൃത്വം നൽകി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ലൗലി മോൾ, അഗിൽ ജോയ്, ജാസ്‌മിൻ പി, രജുല വി പി, നിഖിൽ കെ പി എന്നിവർ പങ്കെടുത്തു.. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത ഭക്ഷണശാലകൾക്ക് എതിരെ കർശന നടപടി ഉണ്ടാകും എന്ന് പേരിയ സി എച്ച് സി മെഡിക്കൽ ഓഫിസർ ഡോ. അഞ്ജു അറിയിച്ചു
