Feature NewsNewsPopular NewsRecent News

ഗോത്രവിദ്യാർഥിയുടെചോര വാർന്നുള്ളമരണത്തിൽകേസെടുക്കണം

കൽപറ്റ:ഗോത്ര വിദ്യാർഥിയുടെ ചോര വാർന്നുള്ള മരണത്തിൽ പോലീസിൻ്റെയും ആംബുലൻസ് ഡ്രൈവറുടെയും അനാസ്ഥയാണെന്നും നരഹത്യക്കു കേസെടക്കണമെന്നും ആം ആദ്മി പാർട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ദേശീയപാതയ്ക്കു സമീപം പൊൻകുഴിയിൽ വച്ചുണ്ടായ അപകടത്തിലാണ് ഗോത്ര വിദ്യാർഥി മനു ചോര വാർന്നു മരിച്ചത്. പൊൻകുഴി കാട്ടുനായ്ക്ക ഉന്നതിയിലെ ബിനു – ചിക്കി ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയവനായിരുന്നു പതിനൊന്നുകാരനായ മനു.
സ്കൂളിൽ നിന്ന് തിരികെ എത്തിയ ശേഷം വീട്ടിൽ നിന്ന് സൈക്കിളുമെടുത്തുപോയ കുട്ടിയാണ് മിനിറ്റുകൾക്കുശേഷം അപകടത്തിൽ പെടുന്നത്. മരത്തിൽ സൈക്കിൾ തട്ടിയാണ് അപകടം ഉണ്ടായതെന്നു പറയുന്നുണ്ടെങ്കിലും അതിന് ദൃക്‌സാക്ഷികളില്ല. കുട്ടി അപകടത്തിൽ പെട്ട വിവരം മാതാപിതാക്കളെ അറിയിക്കുന്നത് കൂട്ടുകാരായ കുട്ടികളാണ്. കൂട്ടുകാരായ കുട്ടികൾ കാണുമ്പോൾ ദേശീയ പാതയിൽ നിന്ന് 30 മീറ്റർ വിട്ട് തുടയിൽ മുറിവ് പറ്റി മരത്തിൽ ചാരിയിരിക്കുന്ന അവസ്ഥയിലുള്ള മനുവിനെയാണ്.
അപകടം നടന്ന് അധികം താമസിയാതെ അതു വഴി കടന്നുപോയ ഹൈവേ പോലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും അവർ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാതെ ആംബുലൻസ് വിളിക്കാൻ പിതാവായ ബിനുവിനോട് ആവശ്യപ്പെടുകയായിരുന്നു. ആംബുലൻസ് റെഡ്രവറെ വിവരം അപ്പോൾ തന്നെ അറിയിച്ചെങ്കിലും ഏതാണ്ട് ഒന്നേകാൽ മണിക്കൂറിനു ശേഷമാണ് ആംബുലൻസ് അവിടെ എത്തിയത്. ഇതിനിടയിൽ അതുവഴി കടന്നുപോയ ഒരു ഓട്ടോറിക്ഷാ ഡ്രൈവറോടും മുത്തങ്ങയിൽ വനത്തിനുള്ളിലേയ്ക്ക് ടൂറിസ്റ്റുകളെ കൊണ്ടു പോകുന്ന ടാക്സി പിതാവായ ബിനു കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് അഭ്യർഥിച്ചെങ്കിലും അവർ കൊണ്ടുപോയില്ല.
പോലീസിൻ്റെയും ഓട്ടോ ടാക്സി ഡ്രൈവർമാരുടെയും പ്രവൃത്തി സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. പോലീസിൻ്റെയും പൊതുസമൂഹത്തിൻ്റെയും ഗോത്രവിഭാഗങ്ങളോടുള്ള സമീപനം വേദനാജനകവും അപലപനീയവുമാണ്.
അപകടം നടന്നതിനു തൊട്ടുപിന്നാലെ തന്നെ വിവരം അറിയിച്ചിട്ടും ഒന്നേകാൽ മണിക്കൂറിനു ശേഷം മാത്രം ബത്തേരിയിൽ നിന്ന് എത്തിച്ചേർന്ന ആംബുലൻസ് ഡ്രൈവറും ചെയ്തത് സമാനമായ കുറ്റമാണ്. ഈ മൂന്നു കൂട്ടരുടെയും അനാസ്ഥ മൂലം നഷ്ടപ്പെട്ടത് വിലപ്പെട്ട ഒരു ജീവനാണ്. ഭാവിയിലെങ്കിലും ഗോത്രവിഭാഗത്തിലോ പൊതുവിഭാഗത്തിലോ പെട്ട ഒരാൾക്കും ഇത്തരത്തിൽ അവഗണന ഉണ്ടാകരുത്. ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായ കുറ്റകരമായ അനാസ്ഥ വളരെ ഗൗരവമായി സർക്കാർ കാണണമെന്നും കുറ്റക്കാർക്കെതിരേ നരഹത്യയ്ക്ക് കേസെടുക്കണമെന്നും പാർട്ടി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. രണ്ടു ഭരണപക്ഷ പട്ടികവർഗ എം. എൽ. എ മാരുള്ള വയനാട്ടിലാണ് ഗോത്രവിഭാഗത്തിൽപെട്ട ഒരു കുട്ടിക്ക് പോലീസിൻ്റെ അനാസ്ഥ കാരണം ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്. ഇക്കാര്യം കൂടി സർക്കാർ ഗൗരവത്തിലെടുക്കണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *