ഡിവൈഎഫ്ഐ വയനാട് ജില്ലാ സമ്മേളനത്തിന് പതാക ഉയർന്നു
മാനന്തവാടി: പൊരുതുന്ന വിപ്ലവ യുവജന പ്രസ്ഥാനത്തിന്റെ ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് പൊതുസമ്മേളന നഗരിയിൽ പതാക ഉയർന്നു. പൊതു സമ്മേളന നഗരിയായ മാനന്തവാടി ഗാന്ധിപാർക്കിലെ’ പുഷ്‌പൻ നഗറിൽ’ സ്വാഗതസംഘം ചെയർമാൻ ടി കെ പുഷ്‌പൻ പതാക ഉയർത്തി. വാദ്യമേളങ്ങളുടെയും വെടിക്കെട്ടിന്റെയും അകമ്പടിയോടെയാണ് പതാക ഉയർത്തിയത്. പാടിച്ചിറ രവിശശി രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ഷിജി ഷിബു ക്യാപ്റ്റനായ കൊടിമര ജാഥയും പൊഴുതന കുട്ടിപ്പ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും കെ ആർ ജിതിൻ ക്യാപ്റ്റനായുള്ള പതാക ജാഥയും വടുവഞ്ചാൽ ഷാജി രക്തസാക്ഷി മണ്ഡപത്തിൽ നിന്നും എം രമേശ് ക്യാപ്റ്റനായ കപ്പികയർ ജാഥയും മാനന്തവാടി എൽഎഫ് കവലയിൽ സംഗമിച്ച് പ്രകടനമായാണ് പൊതുസമ്മേളന നഗരിയിലേക്കെത്തിയത്.
പതാക സിഐടിയു ജില്ലാ പ്രസിഡന്റ് പി വി സഹദേവനും കൊടിമരം സംഘാടക സമിതി ചെയർമാൻ ടി കെ പുഷ്‌പനും കപ്പികയർ സംഘാടക സമിതി ട്രഷറർ പി ടി ബിജുവും ഏറ്റുവാങ്ങി. ശനി രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എട്ട് ബ്ലോക്ക് കമ്മിറ്റികളിൽ നിന്നായി 243 പ്രതിനിധികളും പ്രൊഫഷണൽ വിഭാത്തിൽ അഞ്ചും തമിഴ്നാട് നീലഗിരിയിൽ നിന്നുള്ള അഞ്ചു സൗഹാർദ്ദ പ്രതിനിധികളുമുണ്ടാകും.
