Event More NewsFeature NewsNewsPoliticsPopular NewsRecent News

കെഎസ്ആർടിസിയിലെ ‘ഫ്രീ’ യാത്ര; തേങ്ങയും വെളിച്ചെണ്ണയും വാങ്ങാൻ വയനാട്ടിൽ നിന്നും കുറ്റിയാടിയിലേക്ക് വണ്ടി കയറി വീട്ടമ്മമാർ

വെള്ളമുണ്ട: സ്ത്രീകൾക്കായുള്ള കെഎസ്ആർടിസിയുടെ സൗജന്യയാത്ര കേവലം ഒരു യാത്രയ്ക്കപ്പുറം ഒരു അടിപൊളി ബിസിനസ്സ് അവസരമാക്കി മാറ്റിയിരിക്കുകയാണ് വയനാട്ടിലെ വീട്ടമ്മമാർ. യാത്ര തികച്ചും സൗജന്യമായതോടെ, നിത്യോപയോഗ സാധനങ്ങളായ തേങ്ങയും വെളിച്ചെണ്ണയും വിലക്കുറവിൽ വാങ്ങാൻ ഇവർ കൂട്ടത്തോടെ വയനാടൻ ചുരമിറങ്ങി കോഴിക്കോട്ടെ കുറ്റിയാടിയിലേക്ക് വണ്ടി കയറുകയാണ്.

വെള്ളമുണ്ട, എട്ടേനാൽ, ഏഴേനാല്, പത്താംമൈൽ,
നിരവിൽപുഴ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള
നിരവധി വനിതകളാണ് ഇപ്പോൾ സാധനങ്ങൾ വാങ്ങാനായി കുറ്റിയാടി, തൊട്ടിൽപാലം ടൗണുകളിലേക്ക് ദിവസേന യാത്ര ചെയ്യുന്നത്. വയനാടും കുറ്റിയാടിയും തമ്മിൽ വെളിച്ചെണ്ണയ്ക്ക് കിലോഗ്രാമിന് 15 രൂപ മുതൽ 19 രൂപ വരെ വ്യത്യാസമുണ്ട്. ഈ ലാഭം ലക്ഷ്യമിട്ടാണ് വീട്ടമ്മമാരുടെ യാത്ര. നാലും അഞ്ചും കുടുംബങ്ങളിലെ വീട്ടമ്മമാർ ഒരുമിച്ച് സംഘമായാണ് യാത്ര തിരിക്കുന്നത്. സാധനങ്ങൾ വാങ്ങി സൗജന്യ ബസ്സിൽ തന്നെ ഇവർ വയനാട്ടിലേക്ക് മടങ്ങിയെത്തുന്നു. കഴിഞ്ഞ ദിവസം
ഏഴേനാലിൽ നിന്ന് ഒരു സംഘം സ്ത്രീകൾ
വെളിച്ചെണ്ണ വാങ്ങാൻ മാത്രമായി കുറ്റിയാടിയിലേക്ക്
പോയത് നാട്ടിൽ വലിയ ചർച്ചയായിരുന്നു.

ബസ് ടിക്കറ്റിന് പണം വേണ്ടാത്തതിനാൽ പുരുഷന്മാരും ഇപ്പോൾ ആവശ്യങ്ങൾക്കും ചെറിയ കച്ചവടങ്ങൾക്കുമായി സ്ത്രീകളെ പ്രോത്സാഹിപ്പിച്ചു വിടാൻ തുടങ്ങിയിട്ടുണ്ട്.

കൈയ്യിൽ ഒതുങ്ങുന്ന സാധനങ്ങൾ കുറ്റിയാടിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി വയനാട്ടിലെത്തിച്ച് ചെറിയ ലാഭത്തിൽ മറിച്ചു വിൽക്കുന്ന ഒരു പുതിയ ‘ബിസിനസ്സ് മേഖല’യ്ക്കും സാധ്യത തെളിഞ്ഞിട്ടുണ്ട്. കെഎസ്ആർടിസിയുടെ ഫ്രീ ടിക്കറ്റ് വഴി യാത്രാച്ചെലവ് പൂർണ്ണമായും ഒഴിവായതാണ് ഈ സ്മ‌ാർട്ട് കച്ചവടത്തിന് വീട്ടമ്മമാർക്ക് വഴിതുറന്നത്.

Leave a Reply

Your email address will not be published. Required fields are marked *