കൃഷി ഓഫീസർമാർക്ക് ശിൽപ്പശാല നടത്തി
കുറുവ: വയനാട് ജില്ലയിലെ കൃഷി ഓഫീസർമാർക്കായി മനുഷ്യ വന്യജീവി സംഘർഷം-പ്രതിരോധ കൃഷിരീതികൾ സാധ്യതകളും പ്രതീക്ഷകളും എന്ന വിഷയത്തിൽ രണ്ടു ദിവസമായി കുറുവയിൽ വച്ചു നടന്ന ദ്വിദിന ശിൽപ്പശാല സമാപിച്ചു. കൃഷിവകുപ്പ് മന്ത്രി ടി.സിദ്ധിഖ് ഓൺലൈനായി ശിൽപ്പശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. വന്യജീവി സംഘർഷ സാധ്യതകൾ ലഘൂകരിക്കുന്നതിനായി വനാതിർത്തികളിലും മറ്റുമുള്ള പ്രതിരോധ കൃഷിരീതികളെ കുറിച്ചുള്ള ക്ലാസുകൾ അമ്പലവയൽ ആർ.എ.ആർ.എസിലെ ശ്രീരേഖ, സ്വാമിനാഥൻ ഫൗണ്ടേഷനിലെ വിപിൻ ദാസ് എന്നിവർ നയിച്ചു.
വന്യജീവികൾ അവയുടെ മാറുന്ന സ്വഭാവ രീതികൾ എന്നീ വിഷയങ്ങളിൽ ഡോക്‌ടർ ഒ.വിഷ്ണു, ഹ്യൂം റിസർച്ച് സെന്ററിലെ മുനീർ തോൽപ്പെട്ടി എന്നിവർ ക്ലാസ് നയിച്ചു.
രണ്ടു ദിവസമായി നടന്ന ശില്പശാലയിൽ രണ്ടാം ദിവസം നടന്ന ചർച്ചകളിലും അവതരണത്തിലും മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള ഒട്ടേറെ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ ശില്പശാലയിൽ അവതരിപ്പിക്കപ്പെട്ടു. ആയവയെല്ലാം ക്രോഡീകരിച്ച് ബഹു വനം വന്യജീവി വകുപ്പ്, കൃഷി വകുപ്പ് മന്ത്രിമാരുടെ പരിഗണനയ്ക്കായി സമർപ്പിക്കുന്നതാണ്.
പരിപാടിയിൽ വനം ഉദ്യോഗസ്ഥരായ ഉത്തരമേഖല സി.സി.എഫ് അഞ്ജൻ കുമാർ ഐ. എഫ്.എസ്, വരുൺ ഡാലിയ ഐ.എഫ്.എസ്, സന്തോഷ് കുമാർ ഐ.എഫ്.എസ്, എ. സി.എഫ് അജിത് കെ രാമൻ, ഡി. എഫ്.ഒ ആഷിക് അലി, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ സീമ ബി.ജെ എന്നിവർ സന്നിഹിതരായിരുന്നു. വയനാട് ജില്ലയിലെ മുഴുവൻ കൃഷി ഓഫീസർമാരും, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരും ശില്പശാലയിൽ പങ്കെടുത്തു.
