സിൽവർ ലൈൻ പദ്ധതി റദ്ദാക്കൽ; ഭൂമി ഉടമസ്ഥർക്ക് വിട്ടുനൽകുമെന്ന് റവന്യു മന്ത്രി എപി അനിൽ കുമാർ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയതിന് പിന്നാലെ തുടർനടപടികളിലേക്ക് കടന്ന് സർക്കാർ. പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ സമയബന്ധമായി മാറ്റി തുടങ്ങുമെന്ന് റവന്യൂമന്ത്രി എപി അനിൽകുമാർ പറഞ്ഞു. വിജ്ഞാപനം റദ്ദാക്കിയെന്ന് ഭൂഉടമകളെ അറിയിക്കുമെന്നും എല്ലാവർക്കും പട്ടയം എന്നതാണ് സർക്കാർ നയമെന്നും എപി അനിൽ കുമാർ പറഞ്ഞു. പദ്ധതി റദ്ദാക്കിയെന്ന് ഇന്നലെയാണ് മുഖ്യമന്ത്രി വിഡി സതീശൻ മാധ്യമങ്ങളെ അറിയിച്ചത്.സിൽവർ ലൈൻ പൂർണമായി റദ്ദാക്കിയ യുഡിഎഫ് സർക്കാർ സമരക്കാർക്കെതിരെയുളള കേസുകളും പിൻവലിക്കുമെന്ന് അറിയിച്ചു. പദ്ധതി ഉപേക്ഷിച്ച് ബദൽ തേടിപ്പോയിട്ടും വിജ്ഞാപനം റദ്ദാക്കാൻ ഇടത് സർക്കാർ തയ്യാറായിരുന്നില്ല. നാട്ടിയ മഞ്ഞക്കുറ്റികൾ കാരണം ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ കഴിയാതെ കുരുങ്ങിയ കുടുംബങ്ങൾക്ക് ഇതോടെ ആശ്വാസമാവുകയാണ്
