പൊതുസ്ഥലങ്ങളിൽ ബാനറുകളും പോസ്റ്ററുകളും പാടില്ല; പ്രവർത്തകർക്ക് കർശന മുന്നറിയിപ്പുമായി ടിവികെ
ചെന്നൈ: പൊതുസ്ഥലങ്ങളിൽ ബാനറുകളും പോസ്റ്ററുകളും സ്ഥാപിക്കുന്നതിനെതിരെ പാർട്ടി പ്രവർത്തകർക്ക് കർശന മുന്നറിയിപ്പുമായി തമിഴക വെട്രി കഴകം. ജനങ്ങൾക്കും ഗതാഗതത്തിനും തടസ്സമുണ്ടാക്കുന്ന രീതിയിൽ ഹോർഡിംഗുകളും പോസ്റ്ററുകളും പതിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ടിവികെ ജനറൽ സെക്രട്ടറിയും മന്ത്രിയുമായ എൻ. ആനന്ദ് അറിയിച്ചു.
പാർട്ടി പ്രവർത്തകർ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് എൻ. ആനന്ദ് തന്റെ എക്സ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.’ പൊതുസ്ഥലങ്ങളിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ജന്മദിനാഘോഷങ്ങളോ കുടുംബ ചടങ്ങുകളോ മറ്റ് പരിപാടികളോ നടത്താൻ പാടില്ല. നിയമം ലംഘിക്കുന്നവർക്കെതിരെ പാർട്ടി കർശന നടപടി സ്വീകരിക്കും. ജനക്ഷേമത്തിന് വേണ്ടിയാണ് പാർട്ടി രൂപീകരിച്ചതെന്നും അതിനാൽ ഓരോ പ്രവർത്തകനും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും ‘ അദ്ദേഹം ആവശ്യപ്പെട്ടു.
വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ടിവികെ പ്രവർത്തകർ വ്യാപകമായി ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പാർട്ടി നേതൃത്വത്തിൻ്റെ ഇടപെടൽ. നിർദ്ദേശം വന്നതിന് പിന്നാലെ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികൾ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പോസ്റ്ററുകൾ നീക്കം ചെയ്തു തുടങ്ങി
