സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; പാഠപുസ്തക വിതരണം അനിശ്ചിതത്വത്തില്‍
പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്കുള്ള പാഠപുസ്തക വിതരണം പാതിവഴിയില്പാഠപുസ്തക അച്ചടിക്ക് ആവശ്യമായ പേപ്പര്‍ ലഭ്യമാക്കുന്നതില അച്ചടി വകുപ്പ് വരുത്തിയ ഗുരുതര വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
കേരള ബുക്സ് ആന്റ് പബ്ലിക്കേഷന്‍സ് സൊസൈറ്റി (കെബിപിഎസ്) വഴിയാണ് പുസ്തകങ്ങള്‍ അച്ചടിക്കുന്നത്. എന്നാല്‍, ആവശ്യമായ പേപ്പര്‍ സര്‍ക്കാര്‍ നല്‍കാത്തതിനെത്തുടര്‍ന്ന് അച്ചടി നിലച്ച മട്ടാണ്. ഒമ്പതാം ക്ലാസ് വരെയുള്ള പുസ്തകങ്ങളുടെ 70 ശതമാനം അച്ചടി കഴിഞ്ഞെങ്കിലും, പുറംചട്ട തയാറാക്കാനുള്ള കട്ടിയുള്ള പേപ്പര്‍ ലഭിക്കാത്തതിനാല്‍ ബയന്റിങ് ജോലികള്‍ തടസ്സപ്പെട്ടു. ബാക്കി 30 ശതമാനം പുസ്തകങ്ങള്‍ക്ക് ആവശ്യമായ പേപ്പര്‍ ഇതുവരെ ലഭ്യമായിട്ടില്ല.
കെബിപിഎസിലെ ബയന്റിങ് സെക്ഷനിലെ ജീവനക്കാര്‍ ദിവസങ്ങളായി പണിയില്ലാതെ ഇരിക്കുന്ന അവസ്ഥയാണുള്ളത്. മുമ്പ് കെബിപിഎസ് നേരിട്ട് ടെന്‍ഡര്‍ വിളിച്ച് പേപ്പര്‍ വാങ്ങിയിരുന്നതാണ്. എന്നാല്‍ ലോട്ടറി അച്ചടി ഉള്‍പ്പെടെയുള്ള ഇനങ്ങളില്‍ 300 കോടിയോളം രൂപയുടെ കുടിശിക സര്‍ക്കാര്‍ വരുത്തിയതോടെ, പേപ്പര്‍ വാങ്ങാനുള്ള അധികാരം മുഖ്യമന്ത്രിയുടെ കീഴിലുള്ള അച്ചടി വകുപ്പ് ഏറ്റെടുത്തു. പുസ്തക അച്ചടി തുടങ്ങും മുന്‍പേ ആവശ്യമായ പേപ്പറിന്റെ അളവ് അറിയിച്ചിട്ടും സര്‍ക്കാര്‍ അത് എത്തിക്കാന്‍ തയ്യാറാവാത്തതാണ് തിരിച്ചടിയായത്.
തെരഞ്ഞെടുപ്പിന് മുമ്പ് 20 ശതമാനം പുസ്തകങ്ങള്‍ മാത്രമാണ് സ്കൂളുകളില്‍ എത്തിക്കാന്‍ കഴിഞ്ഞത്. പത്താം ക്ലാസിലെ പുസ്തകങ്ങള്‍ മാത്രമാണ് പൂര്‍ണ്ണമായി വിതരണം ചെയ്തത്. ബാക്കി ക്ലാസുകളിലെ കുട്ടികള്‍ ജൂണ്‍ ഒന്നിന് പുസ്തകമില്ലാതെ സ്കൂളില്‍ പോകേണ്ടി വരുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കളും അധ്യാപകരും. ‘ഇനി പേപ്പര്‍ എത്തിയാല്‍ പോലും ജൂണ്‍ ഒന്നിന് മുമ്പ് അച്ചടിയും ബയന്റിങും പൂര്‍ത്തിയാക്കി സ്കൂളുകളില്‍ പുസ്തകം എത്തിക്കുക അസാധ്യമാണ്.’ – കെബിപിഎസ് ജീവനക്കാര്‍ പറഞ്ഞു.
സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനമില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും കാരണം ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പഠനമാണ് ഇപ്പോള്‍ വഴിമുട്ടുന്നത്. അച്ചടി വകുപ്പ് പുലര്‍ത്തുന്ന ഈ മൗനം കുട്ടികളുടെ ഭാവി വെച്ചുള്ള പരീക്ഷണമാണെന്ന ആക്ഷേപം ശക്തമാണ്.
