കുട്ടികൾക്കായി ആയുഷ് സമ്മർ ക്യാമ്പും ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
തൃശ്ശിലേരി: ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും ആയുഷ്ഗ്രാമം പദ്ധതിയുടെയും ഹർഷം ആയുർവേദ മാനസിക ആരോഗ്യ പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിൽ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ തൃശ്ശിലേരി അങ്കണവാടിയിൽ വെച്ച് ആയുഷ് സമ്മർ ക്യാമ്പ് 2026 സംഘടിപ്പിച്ചു.’കളിക്കാം ചിരിക്കാം ആരോഗ്യത്തോടെ വളരാം’ എന്ന സന്ദേശമുയർത്തിക്കൊണ്ടാണ് കുട്ടികൾക്കായി വേനലവധിക്കാല ക്യാമ്പ് ഒരുക്കിയത്. വാർഡ് മെമ്പർ പ്രമോദ് കെ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.തിരുനെല്ലി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിജിത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തുന്നതിനായി തയ്യാറാക്കിയ ആയുഷ് ടൈം ടേബിളും ഔഷധസസ്യതൈയും വിതരണം ചെയ്തു.സമ്മർ ക്യാമ്പിനോടനുബന്ധിച്ച് ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പ്രദേശത്തെ കുട്ടികളും പൊതുജനങ്ങളും ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി. ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷിഞ്ചു ഭരതൻ, തിരുനെല്ലി എ.പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ദീപശ്രീ, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർമാരായ ഡോ. സിജോ കുര്യാക്കോസ്, ഡോ. പ്രിൻസി മത്തായി, ഡോ. അശ്വതി ഭരതൻ, തൃശ്ശിലേരി അങ്കണവാടി വർക്കർ സുഷമ കെ.പി, യോഗ ഡെമോൺസ്ട്രേറ്റർ അശ്വതി വി. തുടങ്ങിയവർ സംസാരിച്ചു. സമ്മർ ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പരിശീലന ക്ലാസുകളും, കുട്ടികൾക്കായി കിഡ്‌സ് യോഗ പരിശീലനവും സംഘടിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് വീടുകളിൽ കാണുന്ന ഔഷധ സസ്യങ്ങളെ കുറിച്ചുള്ള അറിവ് പകർന്നു നൽകി. ഹർഷം അറ്റൻഡർ അഖിൽ പി.ഡി, ആയുഷ്ഗ്രാമം അറ്റൻഡർ ബിപിൻ പി.എഫ്, അസീത ബാലൻ എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ നേതൃത്വം നൽകി.7 മുതൽ 17 വയസ്സു വരെയുള്ള കുട്ടികൾക്കായാണ് പ്രധാനമായും സമ്മർ ക്യാമ്പ് സംഘടിപ്പിച്ചത്.
