സ്കൂളുകളുടെ ഫിറ്റ്നസ് സങ്കീർണ്ണതകൾ പരിഹരിക്കണം: സംഷാദ് മരക്കാർ
കൽപ്പറ്റ: വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ ഒരു മാസം മാത്രം അവശേഷിക്കുന്ന സമയത്ത് സ്‌ൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള നടപടിക്രമങ്ങൾ പരിഷ്കരിച്ചു കൊണ്ടുള്ള പുതിയ സർക്കാർ ഉത്തരവ് താൽക്കാലികമായി പിൻവലിക്കണമെന്ന് ഡി.സി.സി വൈസ് പ്രസിഡൻ്റ് സംഷാദ് മരക്കാർ ആവശ്യപ്പെട്ടു. പ്രസ്തുത ഉത്തരവിലെ നടപടിക്രമങ്ങൾ പ്രകാരം സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് നേടുന്നതിനുള്ള സമയപരിധി ദീർഘിപ്പിക്കണം. ഒപ്പം സ്‌കൂൾ തുറക്കുന്നതിന് മുമ്പ് കഴിഞ്ഞ കാലങ്ങളിലെ പോലെ പഞ്ചായത്ത് എ.ഇയുടെ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് നൽകുന്നത് തുടരുകയും ചെയ്യണം. പുതിയ സർക്കാർ ഉത്തരവ് പ്രകാരം അഞ്ച് സർക്കാർ വകുപ്പുകളിൽ നിന്നുള്ള നിരോക്ഷ പത്രം ലഭിക്കണം. തുടർന്ന് സ്‌കൂൾ സുരക്ഷാ സമിതിയുടെ ശുപാർശകൾ കൂടി പരിഗണിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി കെ. സ്മാർട്ട് പോർട്ടൽ വഴി അസിസ്റ്റന്റ്റ് എൻജിനീയർക്ക് അപേക്ഷ സമർപ്പിക്കണം. നിയമസഭതെരഞ്ഞെടുപ്പും, പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്ന വർഷം എന്നുള്ള രീതിയിൽ തദ്ദേശസ്ഥാപനങ്ങൾ സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്കായി തുക വകയിരുത്തിയെങ്കിലും പല സ്ഥലത്തും പ്രവർത്തി നടത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. വിദ്യാർഥികളുടെ സുരക്ഷ കരുതിയാണ് ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. എന്നാൽ നിലവിൽ അത് സ്‌കൂളുകൾക്ക് തിരിച്ചടിയാവുകയാണ്. കാരണം ഈ ഉത്തരവ് പ്രകാരം സ്കൂളുകളുടെ ഫിറ്റനസ് സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ മാസങ്ങൾ എടുക്കുമെന്നത് ഉറപ്പാണ്. ആയതിനാൽ ഉത്തരവ് നടപ്പിൽ വരുത്താൻ ആറ് മാസമെങ്കിലും സമയം അനുവദിക്കാൻ സർക്കാർ തയ്യാറാവണം. അല്ലാത്തപക്ഷം സ്‌കൂൾ തുറക്കുന്ന സമയത്ത് ഫിറ്റ്നസ് ലഭിക്കാത്ത കെട്ടിടങ്ങളുടെ എണ്ണം വർധിക്കുകയും ഫലത്തിൽ അത് പഠന സൗകര്യത്തെ ബാധിക്കുകയും വിദ്യാഭ്യാസ മേഖലയിൽ പ്രയാസങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നും സംഷാദ് മരക്കാർ ചൂണ്ടിക്കാട്ടി.
